നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം; ബജറ്റ് മാർച്ച് 11ന്

0
55

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്‌ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് അനുശോചനം അർപ്പിച്ച് സഭ അന്നേക്ക് പിരിയും.

ഫെബ്രുവരി 22, 23, 24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള ചർച്ച നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് മാർച്ച് 11ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. 14, 15, 16 തീയതികളിൽ ബജറ്റിലുള്ള പൊതുചർച്ച നടക്കും. 22നാണ് വോട്ട് ഓൺ അക്കൗണ്ട്. നടപടികൾ പൂ‍ർത്തിയാക്കി 23ന് സഭ പിരിയും.

കോവിഡ് കാലത്തും രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും ആകെ പാർലമെന്റ് ദിനങ്ങളേക്കാൾ ഒരു ദിവസം അധികം കേരള നിയമസഭ ചേ‍ർന്നിട്ടുണ്ടെന്നും സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു.