ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കും; സിപിഐ എം കരട്‌ പ്രമേയം

0
95

ബിജെപി വിരുദ്ധവോട്ടുകൾ പരമാവധി ഏകോപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകാൻ സിപിഐ എം 23–-ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൽ വിഭാവന ചെയ്യുന്നുവെന്ന്‌ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ സംസ്ഥാന തലങ്ങളിലാണ്‌ ഇത്തരം സഖ്യങ്ങൾ രൂപംകൊള്ളുക. ദേശീയതല സഖ്യങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പ്‌ പ്രായോഗികമല്ല. അടിയന്തരാവസ്ഥയ്‌ക്ക്‌ പിന്നാലെ ഇന്ദിരാഗാന്ധി പരാജയപ്പെട്ട കാലം മുതൽ തെരഞ്ഞെടുപ്പിനുശേഷമാണ്‌ ദേശീയതലത്തിൽ ബദൽസഖ്യം രൂപംകൊണ്ടതെന്ന്‌ യെച്ചൂരി പ്രതികരിച്ചു.
കരട്‌ രാഷ്‌ട്രീയ പ്രമേയം പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ തപൻ സെൻ, ഹനൻ മൊളള, ബി വി രാഘവുലു, നീലോൽപൽബസു എന്നിവർക്കൊപ്പം പ്രകാശനം ചെയ്‌ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. 2019ൽ അധികാരം വീണ്ടും ലഭിച്ചതുമുതൽ ബിജെപി ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ആർഎസ്‌എസ്‌ അജണ്ട പ്രകാരം ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതോടൊപ്പം നവഉദാരനയങ്ങളും അമിതാധികാരപ്രയോഗ ഭരണരീതിയും നടപ്പാക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനപരമായ ചട്ടക്കൂടും മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ ഏറ്റവും പ്രധാന കടമയാണ്‌. ഇതിനായി ഏറ്റവും വിശാലമായ വിധത്തിൽ മതനിരപേക്ഷകക്ഷികളെ അണിനിരത്താനായി പാർടി നിലകൊളേളണ്ടത്‌ ആവശ്യമാണെന്ന്‌ കരട്‌ പ്രമേയത്തിൽ നിർദേശിക്കുന്നുവെന്ന്‌ യെച്ചൂരി പറഞ്ഞു