വന്ദേഭാരത്‌: മൂന്ന്‌ വർഷത്തിൽ 400 ട്രെയിൻ അപ്രായോഗികം

0
90

മൂന്ന്‌ വർഷത്തിനുള്ളിൽ 400 വന്ദേഭാരത്‌ ട്രെയിൻ ഓടിക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനം അപ്രായോഗികം. 2021–-22ൽ 44 വന്ദേഭാരത്‌ ട്രെയിനെന്ന വർഷങ്ങൾ പഴക്കമുള്ള പ്രഖ്യാപനം ഇനിയും യാഥാർഥ്യമായിട്ടില്ല. നിലവിൽ രണ്ട്‌ വന്ദേഭാരത്‌ ട്രെയിനാണ്‌ സർവീസ്‌ നടത്തുന്നത്‌. മൂന്നാമത്തേതിന്റെ ടെസ്‌റ്റ്‌ റൺ ഫെബ്രുവരി–-മാർച്ചിൽ ഉണ്ടാകുമെന്ന്‌ അറിയിച്ചിരുന്നു. പ്രതീക്ഷിച്ച സമയത്തിനുള്ളിൽ 44 ട്രെയിൻ പുറത്തിറക്കാൻ സാധിച്ചേക്കില്ലെന്നും വർഷങ്ങളുടെ കാലതാമസം ഉണ്ടാകാൻ ഇടയുണ്ടെന്നുമാണ്‌ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി (ഐസിഎഫ്‌) വിലയിരുത്തൽ.

വർഷം 25 ട്രെയിൻ പുറത്തിറക്കാൻ കഴിഞ്ഞാൽ നേട്ടമാണെന്ന്‌ ഐസിഎഫ്‌ മുൻ ജനറൽ മാനേജരും വന്ദേഭാരത്‌ ട്രെയിനിന്‌ പിന്നിലെ മസ്‌തിഷ്‌കവുമായ സുധാൻശുമണി പ്രതികരിച്ചു. മൂന്ന്‌ വർഷത്തിനുള്ളിൽ 150 ട്രെയിനെന്ന ലക്ഷ്യമായിരുന്നു കൂടുതൽ യുക്തിസഹമെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത്‌ ട്രെയിനുകൾ ഓടിക്കണമെങ്കിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ കാര്യമായി മെച്ചപ്പെടുത്തണം. നിലവിലുള്ള പാസഞ്ചർ, ഗുഡ്‌സ്‌ ട്രെയിനുകളുടെ സർവീസിനെ ബാധിക്കരുത്‌. പല റൂട്ടിലും ഇപ്പോൾത്തന്നെ ശേഷിയിലും കൂടുതൽ ട്രെയിനുണ്ട്‌. കൂടുതൽ വന്ദേഭാരത്‌ ട്രെയിൻ വന്നാലുണ്ടാകുന്ന തിരക്ക്‌ മറികടക്കാൻ കൂടുതൽ റെയിൽലൈനുകൾ ഉണ്ടാക്കണം. നിലവിലുള്ളവ നവീകരിക്കണം. ബജറ്റുകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന്‌ കാര്യമായൊന്നും വകയിരുത്താത്തതിനാൽ മൂന്ന്‌ വർഷത്തിനുള്ളിൽ ഇവയൊന്നും നടക്കാനിടയില്ല.

അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള തുക പുതിയ ബജറ്റിലും കേന്ദ്രസർക്കാർ വകയിരുത്തിയിട്ടില്ലെന്ന്‌ ഡിആർഇയു വൈസ്‌പ്രസിഡന്റ്‌ ഇളങ്കോവൻ ചൂണ്ടിക്കാട്ടി. നാഷണൽ ഇൻഫ്രാസ്‌ട്രക്‌ച്ചർ പൈപ്പ്‌ ലൈൻ (എൻഐപി) പദ്ധതി പ്രകാരം 111 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി 2019 ആഗസ്‌തിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ ആറ്‌ വർഷത്തിൽ റെയിൽവേക്ക്‌ ലഭിക്കേണ്ടിയിരുന്ന 13.69 ലക്ഷം കോടിയിൽ പകുതിപോലും ഇതുവരെ ലഭിച്ചിട്ടില്ല.