സംസ്ഥാനത്ത് മണ്ണെണ്ണ വില വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ

0
180

സംസ്ഥാനത്ത് മണ്ണെണ്ണ വില വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന വില വര്‍ദ്ധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് ‍ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഫെബ്രുവരി 1, 2 തിയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ വന്‍ വര്‍ദ്ധനയാണ് ഓയില്‍ കമ്പനികള്‍ വരുത്തിയത്. ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി 1ന് 5.39രൂപ വര്‍ദ്ധിച്ച് 47.03 ആക്കി. ഫെബ്രുവരി 2ന് 2.52 രൂപ വീണ്ടും വര്‍ദ്ധിച്ച് 49.55 ആക്കി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷന്‍, സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

നിലവിലെ വര്‍ദ്ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പിഡിഎസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. സംസ്ഥാനത്തെ റേഷന്‍ കടകളിലുടെ 2022 മാര്‍ച്ച് മാസം വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബര്‍ മാസം തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് വിട്ടെടുത്തിട്ടുണ്ട്.