കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 576 ജീവനക്കാരെ അധികമായി നിയമിക്കാന്‍ അനുമതി

0
57

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ടന്റുമാരെയും ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും എസ്.എ.ടി ആശുപത്രിയിലും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല അതത് സൂപ്രണ്ടുമാര്‍ക്കാണ്.

ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികള്‍, ഫീല്‍ഡ് ലെവല്‍ ആശുപത്രികള്‍, ലാബുകള്‍ (സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, ആര്‍.ജി.ബി.സി, ഐ.ഐ.എസ്.ഇ.ആര്‍, എസ്.സി.ടി) എന്നിവിടങ്ങളിലേക്ക് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ലാബ് അസിസ്റ്റന്റുമാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട കുടുംബാരോഗ്യകേന്ദ്രങ്ങളിലേയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലേയും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ തിരികെ അതത് സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സംവിധാനം പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്റെ ചുമതല കൂടിയുള്ള എ.ഡി.എം നിര്‍ദേശം നല്‍കി.