Thursday
18 December 2025
21.8 C
Kerala
HomeKeralaസ്കൂളിലും കോളേജിലും ഹാജർ കുറവാണെങ്കിൽ അടച്ചിടും

സ്കൂളിലും കോളേജിലും ഹാജർ കുറവാണെങ്കിൽ അടച്ചിടും

സ്കൂളിലും കോളേജിലും തുടർച്ചയായി മൂന്നു ദിവസം വിദ്യാർഥികളുടെ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്ററായി കണക്കാക്കി രണ്ടാഴ്ച അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ്‌ തീരുമാനം.

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്ന എ, ബി, സി തരംതിരിക്കൽ ചൊവ്വ മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത്‌ രോഗവ്യാപനവും ആശുപത്രിയിലെത്തുന്നവരും വർധിച്ചിട്ടുണ്ട്. കൂടുതൽ വ്യാപനമുള്ള തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിലാക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾ ഏകോപിച്ച്‌ നിയന്ത്രണം ശക്തമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാത്ത സ്വകാര്യ ആശുപത്രി അധികൃതരുമായി ഉദ്യോഗസ്ഥർ സംസാരിക്കണം.

പരിശോധനകൾ പരമാവധി ലാബുകളിൽ ചെയ്യണം
സെറിബ്രൽ പാൾസി, ഓട്ടിസം ബാധിതരായ കുട്ടികളുടെ അച്ഛനമ്മമാരിൽ ഒരാൾക്ക്‌ വർക്‌ ഫ്രം ഹോം അനുവദിക്കും. വ്യാപനം ശക്തമാകുന്നതിനാൽ സെക്രട്ടറിയറ്റിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും പരിശോധിക്കും.

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ യജ്ഞം
രണ്ടാം ഡോസ് വാക്‌സിനിൽ കാസർകോട്‌, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളും കുട്ടികളുടെ വാക്‌സിനേഷനിൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളും സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്. ഇവിടങ്ങളിൽ പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തും. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് എല്ലാ ജില്ലയിലും സൗകര്യങ്ങൾ ഒരുക്കാനും നിർദേശിച്ചു.

നാളെ ഓൺലൈൻ പരിശീലനം
കോവിഡ് വ്യാപനത്തിൽ പ്രതിരോധം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പാക്കും. ബുധനാഴ്‌ച ഓൺലൈനായി നടക്കുന്ന പരിശീലനത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകളും തദ്ദേശ സ്ഥാപനങ്ങളും പങ്കെടുക്കും. ഇ- ജാഗ്രതാ പോർട്ടലിൽ കോവിഡ്‌ വിവരങ്ങൾ, ഓക്സിജൻ സ്റ്റോക്ക്‌, കിടക്ക ലഭ്യത എന്നിവ ആശുപത്രികൾ സമയബന്ധിതമായി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ ദുരന്തനിവാരണ വകുപ്പ്‌ ഉത്തരവിറക്കി.

RELATED ARTICLES

Most Popular

Recent Comments