ഡോളോ 650: കൊവിഡ് കാലത്ത് കമ്പനിയെ തന്നെ അമ്പരപ്പിച്ച കുതിപ്പ്

0
36

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഡോളോ 650 ആണെന്ന് റിപ്പോര്‍ട്ട്. മരുന്ന് വിപണിയില്‍ പ്രചാരത്തില്‍ പിന്നിലായിരുന്ന ഡോളോയുടെ വന്‍ വളര്‍ച്ചയാണ് കൊവിഡ് കാലത്ത് ഇന്ത്യ കണ്ടത്. ഡോളോയുടെ നിര്‍മ്മാതാക്കളായ മൈക്രോ ലാബ്‌സ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കമ്പനിയുടെ സി.എം.ഡി ദിലീപ് സുരന പറഞ്ഞു.

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന മൈക്രോ ലാബ്‌സ് എന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് 1983-ലാണ് ദിലീപ് സുരന എത്തുന്നത്. നാല് പതിറ്റാണ്ടോളം നീണ്ട ബിസിനസ് കരിയറാണ് ഇദ്ദേഹത്തിന്റേത്. മരുന്ന് വിപണിയില്‍ എതിരാളികളില്ലാതെ പ്രവര്‍ത്തിച്ച പാരസെറ്റാമോള്‍ 500 നേക്കാള്‍ ഫലവത്തായ മരുന്ന് എന്ന നിലയിലാണ് ഡോളോ 650 എംജി 1993 ല്‍ മൈക്രോ ലാബ്‌സ് രംഗത്തിറക്കിയത്.

2020ല്‍ കോവിഡ് പിടിമുറുക്കിയതു മുതല്‍ മാത്രം 350 കോടി ഡോളോ ഗുളികകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഡോളോ 650യുടെ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയായെന്നു സാരം.

പനിക്കും ശരീര വേദനയ്ക്കുമുള്ള മരുന്ന് പാരസെറ്റാമാള്‍ 650 വിഭാഗത്തില്‍ ഒന്നാമതെത്തി. പതിറ്റാണ്ടുകളോളം ഈ രംഗത്ത് മുന്നിലുണ്ടെങ്കിലും പ്രചാരം വര്‍ധിപ്പിക്കാന്‍ കമ്പനി ഒരു രൂപ പോലും പരസ്യത്തിന് ചെലവാക്കിയില്ല. കൊവിഡ് കാലത്ത് പനിയും തലവേദനയും ലക്ഷണങ്ങളായി വന്നതോടെ, രോഗികളെ ഡോക്ടര്‍മാര്‍ നേരിട്ട് കാണുന്നതും നിര്‍ത്തി. ഈ ഘട്ടത്തില്‍ വാട്‌സ്ആപ്പിലൂടെയും മറ്റും ശബ്ദ സന്ദേശങ്ങളായി ഡോളോ 650 രോഗികളിലേക്കെത്തി. രോഗികള്‍ പരസ്പരം ഡോളോ 650 നിര്‍ദ്ദേശിച്ചതോടെ അത് വലിയ തോതില്‍ കമ്പനിയുടെ വിപണിയിലെ സ്വീകാര്യതയും വില്‍പ്പനയും വര്‍ധിപ്പിച്ചു.

കൊവിഡ് കാലത്ത് 600 ലേറെ മെഡിക്കല്‍ റെപ്രസെന്ററ്റീവുമാരും മാനേജര്‍മാരും രംഗത്തിറങ്ങി. ഡോളോ 650 ക്ക് ഒരിടത്തും ദൗര്‍ലഭ്യം ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് കമ്പനി പ്രതിനിധികള്‍ പ്രവര്‍ത്തിച്ചതെന്നും ദിലീപ് സുരന പറയുന്നു. ആഭ്യന്തര വിപണിയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അമേരിക്കിയിലും യൂറോപ്പിലും കൂടുതല്‍ പ്രാധാന്യം നല്‍കാനും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ വില്‍പ്പന വര്‍ധിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ട്.

ഇനീഷ്യല്‍ പബ്ലിക് ഓഫറിങിലേക്ക് ഉചിതമായ സമയത്ത് കടക്കുമെന്നാണ് ഇപ്പോള്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ ബിസിനസ് വിപുലീകരണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതാണെന്നും ദിലീപ് പറയുന്നു. ബെംഗളൂരുവിലും മുംബൈയിലും കമ്പനിക്ക് രണ്ട് ഗവേഷണ ലാബുകളുണ്ട്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.