കളിക്കുകയായിരുന്ന വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിര്‍ത്തു; ബിജെപി മന്ത്രിയുടെ മകനെ കൈകാര്യം ചെയ്ത് നാട്ടുകാർ

0
33

തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാന്‍ വെടിവെച്ച ബീഹാര്‍ മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികള്‍ ഓടിച്ചിട്ട് മർദിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാറിനാണ് നാട്ടുകാരുടെ മർദനമേറ്റത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള മാമ്പഴ തോട്ടത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രിപുത്രൻ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഭയന്നോടിയ കുട്ടികൾക്ക് വീണ് പരുക്കേറ്റു. മന്ത്രിപുത്രന്റെ ഒപ്പമുണ്ടായിരുന്നവർ കുട്ടികളെ മർദിച്ചു.

സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ സംഘടിച്ചെത്തി മന്ത്രിപുത്രനെയും കൂട്ടാളികളെയും വളഞ്ഞിട്ട് തല്ലുകയുമായിരുന്നു.
സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ മന്ത്രിപുത്രനും കൂട്ടാളികളും ഓടി രക്ഷപെട്ടു. മന്ത്രിയുടെ കാറിലാണ് ബബ്ലു കുമാർ സ്ഥലത്ത് എത്തിയത്. ഈ കാറും നാട്ടുകാർ തല്ലിത്തകർത്തു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.