പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജ്യേഷ്ഠാനുജന്‍മാർ അറസ്റ്റില്‍

0
52

പ്രായപൂര്‍ത്തിയാകാത്ത പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കൊക്കാട്ട് പുത്തന്‍വീട്ടില്‍ ഉണ്ണി (22), കണ്ണന്‍ (24) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ടുപേരും ജ്യേഷ്ഠാനുജന്‍മാരാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് ഇവരെ കൊട്ടാരക്കരയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു വിവാഹചടങ്ങിൽ വെച്ചാണ് ഉണ്ണി വിദ്യാര്‍ഥിനികളില്‍ ഒരാളുമായി പരിചയപ്പെടുന്നത്. തുടർന്ന് പ്രണയമായി.

ഈ പെൺകുട്ടി വഴിയാണ് കണ്ണൻ രണ്ടാമത്തെ കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ സംഭവം പുറത്തുപറഞ്ഞതു. തുടർന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെയും രക്ഷിതാക്കളെയും വിവരം അറിയിച്ചു. പിന്നീട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.