റിപ്പബ്ലിക്ക് ദിനപരേഡിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് എൻ സി സി ഡയറക്ടറേറ്റിന് ചരിത്രനേട്ടം

0
96

 

ദേശീയതലത്തിലെ ഏറ്റവും മികച്ച കേഡറ്റിനുള്ള സ്വർണ മെഡലുൾപ്പടെ ആറു മെഡലുകൾ കേരളത്തിന്

ഡൽഹിയിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് ഡയറക്ടറേറ്റിന് ചരിത്രനേട്ടം. ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറ് പേരും മെഡലുകൾ നേടി. മൂന്നു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും രണ്ടു വെങ്കല മെഡലുകളുമാണ് കേരളം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണം കേരള ഡയറക്ടറേറ്റിൽ നിന്നുള്ള കേഡറ്റുകൾ സ്വന്തമാക്കും. ഇന്ത്യയിലുടനീളമുള്ള 17 എൻസിസി ഡയറക്ടറേറ്റുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ അഖിലേന്ത്യാ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെൻറ് സംസ്‌കൃത കോളേജിലെ ഒറ്റപ്പാലം 28 (കെ) ബറ്റാലിയനിൽ നിന്നുള്ള മാധവ് എസ് സ്വന്തമാക്കി. സീനിയർ ഡിവിഷൻ (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണമെഡൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ എർണാകുളം 7(കെ) നേവൽ യൂണിറ്റ് എൻസിസിയിൽ നിന്നുള്ള കുരുവിള കെ അഞ്ചേരിലും സീനിയർ വിംഗ് (ആർമി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ 21 (കെ) ബറ്റാലിയനിൽ നിന്നുള്ള കീർത്തി യാദവും നേടി.

സീനിയർ വിംഗ് (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള വെള്ളി മെഡൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ എർണാകുളം 7(കെ) നേവൽ യൂണിറ്റ് എൻസിസിയിൽ നിന്നുള്ള മീനാക്ഷി എ നായർ സ്വന്തമാക്കി. സീനിയർ ഡിവിഷൻ (എയർ) വിഭാഗത്തിൽ തിരുവനന്തപുരം എംജി കോളേജിലെ 1(കെ) എയർ സ്ക്വാഡ്രൺ എൻസിസിയിൽ നിന്നുള്ള അർജുൻ വേണുഗോപാലും സീനിയർ വിംഗ് (എയർ) വിഭാഗത്തിൽ
എം ജി കോളേജിൽ നിന്ന് തന്നെയുള്ള എം അക്ഷിതയും വെങ്കല മെഡൽ നേടി.