Thursday
18 December 2025
24.8 C
Kerala
HomeWorldപ്രസിഡന്റ് എര്‍ദോഗനെ വിമര്‍ശിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി

പ്രസിഡന്റ് എര്‍ദോഗനെ വിമര്‍ശിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി

 

തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗനെ വിമര്‍ശിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി. രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ മാധ്യമ പ്രവർത്തക സെദേഫ് കബാസിനെയാണ് തുർക്കി ഗവൺമെന്റ് തടവിലാക്കിയത്. ശനിയാഴ്ച രാത്രി സെദേഫ് അവതരിപ്പിച്ച പരിപാടിയുടെ പേരിലാണ് സെദേഫ് കബാസിനെ തടവിലടച്ചത്. ഈ പരിപാടിയിൽ എര്‍ദോഗനെ കടുത്ത ഭാഷയിൽ സെദേഫ് വിമർശിച്ചിരുന്നു. തുടര്‍ന്ന് ഈ പരിപാടിയുടെ വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഒമ്പത് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സെദേഫിന് ട്വിറ്ററിലുള്ളത്.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സെദേഫിന്റെ വീട്ടിലേക്ക് പൊലീസെത്തി. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. രാജ്യം എങ്ങും വിദ്വേഷം പടർത്താനാണ് മാധ്യമ പ്രവർത്തക ശ്രമിച്ചതെന്ന് അറസ്റ്റിനുശേഷം എര്‍ദോഗന്റെ വക്താവ് പ്രതികരിച്ചു. ടെലിവിഷന്‍ ചാനലില്‍ കയറിയിരുന്ന് നമ്മുടെ പ്രസിഡന്റിനെ കണ്ണുംപൂട്ടി അധിക്ഷേപിക്കുന്നതിന് പിന്നില്‍ ഒരൊറ്റ ഉദ്ദേശമേയുള്ളു, അത് വിദ്വേഷം പടര്‍ത്തുകയെന്നത് മാത്രം. തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് എന്നാണ് വക്താവ് ട്വീറ്റ് ചെയ്തത്. തുര്‍ക്കിയിലെ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സെദേഫിനെ അറസ്റ്റ് ചെയ്തതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് തുര്‍ക്കി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രതികരണം.
മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന എര്‍ദോഗന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തികള്‍ക്കെതിരെ നേരത്തെയും വ്യാപകവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ എര്‍ദോഗനെതിരെയുണ്ടായ മിലിട്ടറി അട്ടിമറി ശ്രമങ്ങള്‍ക്ക് ശേഷം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ തടവിലായിട്ടുണ്ട്. എര്‍ദോഗന്‍ ഭരണത്തെ വിമര്‍ശിക്കുകയോ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയോ ചെയ്ത മാധ്യമസ്ഥാപനങ്ങളും സർക്കാർ അടച്ചുപൂട്ടി.

RELATED ARTICLES

Most Popular

Recent Comments