ഗൂഢാലോചന കേസ്‌: ദിലീപിനെ ചോദ്യം ചെയ്യും; ഹാജരാകാൻ ഹൈക്കോടതി നിർദേശം

0
49

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യും. കേസിൽ പ്രതികളായ ദിലീപ്‌, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരെ മൂന്ന്‌ ദിവസം ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി.

ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും രാവിലെ 9 മുതൽ രാത്രി 8 വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന്‌ മുമ്പാകെ ഹാജരാകണം. മുൻകൂർ ജാമ്യ ഹർജികൾ കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്ബാകെ ഹാജരാവട്ടെയെന്നും പൊലീസ് ചോദ്യം ചെയ്തശേഷം വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതു സാധ്യമല്ലെന്നും ചോദ്യം ചെയ്ത് വിട്ടയച്ചതാൽ പ്രതികൾ കൂടിയാലോചന നടത്തുമെന്നുമായിരുന്നു ഡിജിപി മറുപടി നൽകിയത്. ഇതിനുപിന്നാലെയാണ് ഉത്തരവുണ്ടായത്.
ദിലീപിന് മുൻ‌കൂർ ജാമ്യം നൽകിയാൽ പിന്നെ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഹർജിക്കർ വലിയ സ്വാധീനമുള്ളവരാണ്. കേസിൽ വലിയരീതിയിലുള്ള അട്ടിമറികൾ നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ കുറ്റാരോപിതനായ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്റെ വാദം.

ഗൂഢാലോചന നടന്നുവെന്ന് പറയുന്നതല്ലാതെ ഒന്നും നടന്നില്ലല്ലോയെന്ന് കോടതി ആരാഞ്ഞു. മൊഴിമാത്രമായിരുന്നു എങ്കിൽ അങ്ങനെ കരുതാമായിരുന്നു. പക്ഷെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഗൂഢാലോചനയുടെ ആഴം കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അന്വേഷണം വേണമെന്ന കാര്യത്തിൽ തർക്കമില്ല എന്നാൽ കസ്റ്റഡി ആവശ്യം ഉണ്ടയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.
ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിച്ചുവെന്നതിന് ഡിജിറ്റൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രതിഭാഗം എതിർത്തു. കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നാണ് പ്രതിഭാഗത്തോട് കോടതി ചോദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് ഗൗരവതരമായ ആരോപണമെന്നും പൊലീസ് സമർപ്പിച്ച തെളിവുകൾ പ്രകാരം എന്തൊക്കെയോ നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.