നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങാനുള്ള ലീഗിന്റെ രഹസ്യനീക്കത്തിനുപിന്നിൽ പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് എസ്ഡിപിഐയുമായും ബിജെപിയുമായും തുടങ്ങിവെച്ച അവിശുദ്ധ ബാന്ധവം നിയമസഭ തെരഞ്ഞെടുപ്പിൽ സലാമിലൂടെ പ്രയോഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എം പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ലീഗിൽ തന്നെ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. അന്നും സലാമിനെ മുന്നിൽ നിർത്തിയാണ് കുഞ്ഞാലിക്കുട്ടി തന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകും എന്നുറപ്പായതോടെ ബിജെപി വോട്ട് വിലക്ക് വാങ്ങാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് സലാം ബിജെപിക്കാരെ നേരിട്ട് പൊട്ടിക്കാണാൻ സലാം രഹസ്യനീക്കം നടത്തിയത്.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബിജെപിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി എം എ സലാം പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
വഖഫ് സംരക്ഷണം എന്ന പേരിൽ കോഴിക്കോട്ട് നടത്തിയ യോഗത്തിൽ ഫാസിസത്തിനെതിരെ വലിയ വായിൽ പ്രസംഗിച്ച ആളാണ് സലാം. ഫാസിസത്തിനെതിരെ ഡൽഹിയിൽ യുദ്ധം ചെയ്യാൻ പോയ കുഞ്ഞാലിക്കുട്ടിയും ഒപ്പം വേദിയിൽ ഉണ്ടായിരുന്നു. സമുദായത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞ് അണികളെ തെറ്റിദ്ധരിപ്പിക്കുന്ന സലാം തന്നെ ബിജെപിയുടെ വോട്ട് തേടി രംഗത്തുവന്നത് വലിയൊരു വിഭാഗം പ്രവർത്തകരെ രോഷാകുലരാക്കി.
കോഴിക്കോട് ജില്ലയിൽ പ്രത്യേകിച്ച് സൗത്തിൽ അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ കുഞ്ഞാലിക്കുട്ടിയും സലാമും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ബിജെപി വോട്ട് വാങ്ങാൻ താൻ നേരിട്ട് പോകാമെന്ന് സലാം പറഞ്ഞതും. തവനൂർ, ബേപ്പൂർ എന്നിവിടങ്ങളിൽ സിപിഐ എം സ്ഥാനാർഥികളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവും ബിജെപിയുമായുള്ള ലീഗിന്റെ രഹസ്യബാന്ധവത്തിന് പിന്നിലുണ്ടായിരുന്നു. ഇതിനെല്ലാം സലാമിന് ആവശ്യമായ നിർദ്ദേശം നൽകിയത് കുഞ്ഞാലിക്കുട്ടിയും.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബിജെപി, എസ്ഡിപിഐ കക്ഷികളുമായി രഹസ്യ നീക്കം നടത്തിയത് കുഞ്ഞാലിക്കുട്ടി നേരിട്ടായിരുന്നു. മലപ്പുറത്തെ ഒരു ഹോട്ടലിൽ വെച്ചു നടത്തിയ രഹസ്യചർച്ച മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സമാനനീക്കം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സലാമും കൂട്ടരും പയറ്റിയത്.
അതേസമയം, ബിജെപിയുടെ വോട്ട് വാങ്ങാമെന്ന ശബ്ദരേഖ പുറത്തുവന്നതിനുപിന്നാലെ വിശദീകരണം എന്ന പേരിൽ ആകെ മെഴുകി പി എം എ സലാം രംഗത്തുവന്നിട്ടുണ്ട്. ബിജെപി വോട്ട് വാങ്ങാമെന്നത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും ബിജെപിക്കാരെ കണ്ടെന്നോ സംസാരിച്ചെന്നോ എവിടെയും പറയുന്നില്ലെന്നുമാണ് സലാമിന്റെ വാദം. എന്നാൽ, ഇത് വലിയ വിഭാഗം ലീഗ് നേതാക്കൾ പോലും അംഗീകരിക്കുന്നില്ല.