അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച്‌ കൊല്ലപ്പെടുന്നവരെ  വീണ്ടും  കൊല്ലുകയാണ്‌ കോൺഗ്രസ് – പിണറായി

0
69

നാട്ടിൽ അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച്‌ കൊല്ലപ്പെടുന്നവരെ  വീണ്ടും  കൊല്ലുകയാണ്‌ കോൺഗ്രസ്‌ ചെയ്യുന്നതെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം  പിണറായി വിജയൻ. കോൺഗ്രസും  വർഗീയ ശക്‌തികളും അക്രമങ്ങളെ  വലിയ തോതിൽ പ്രോൽസാഹിപ്പിക്കുകയാണെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌  മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്‌ അക്രമത്തിന്റെ വഴിയാണ്‌ സ്വീകരിക്കുന്നത്‌. ഇടുക്കിയിലെ ധീരജിന്റെ രക്‌തസാക്ഷിത്വം അതാണ്‌ കാണിക്കുന്നത്‌. സംസ്‌ഥാനത്ത്‌  134 സഖാക്കളുടെ ജീവനാണ്‌ കോൺഗ്രസുകാരുടെ കൊലക്കത്തിക്കിരയായത്‌.  215 പേരുടെ ജീവൻ  സംഘപരിവാർ കവർന്നു.  തിരുവനന്തപുരം ജില്ലയിൽമാത്രം  13 സഖാക്കളാണ്‌ കൊല്ലപ്പെട്ടത്‌. നാട്ടിൽ സമാധാനമാണ് വേണ്ടതെന്ന്‌ കോൺഗ്രസും സംഘപരിവാരും തിരിച്ചറിയണം.

കേരളത്തിൽ എൽഫിഎഫിന്‌ തുടർഭരണം ലഭിച്ചത്‌ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതുകൊണ്ടാണെന്ന്‌ പ്രതിപക്ഷത്തിനും അറിയാം . അതിനാൽ ഇനിയൊരു വികസന പ്രവർത്തനവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കുകയില്ലെന്ന  വാശിയിലാണ്‌ കോൺഗ്രസും ബിജെപിയും. സിൽവർ  ലൈൻ പാതക്കെതിരെയുള്ള പ്രതിഷേധം അതിന്റെ  ഭാഗമായാണ്‌.  പദ്ധതികളെ തകിടം മറിക്കാൻ നോക്കുന്നത്‌  നാടിന്റെ വികസനം ഇല്ലാതാക്കാനാണ്‌. കേരളത്തിന്‌ മുന്നേറണമെങ്കിൽ വൻകിട പദ്ധതികളും സ്വകാര്യ നിക്ഷേപങ്ങളും വേണം. അതിന്‌ പശ്‌ചാത്തല വികസനം സാധ്യമാക്കണം. ബജറ്റിന്‌ പുറമെ പണം കണ്ടെത്തി മാത്രമെ  ഇന്നത്തെ നിലയിൽ അത്‌ സാധ്യമാകൂ. അത്തരത്തിൽ കേരളത്തിന്റെ  വികസനത്തിന്‌ കുതിപ്പേകുന്ന പദ്ധതിയാണ്‌ സിൽവർ ലൈൻ. സിൽവർ ലൈനിന്‌ വേണ്ടി ഭൂമിയും മാറ്റും ഏറ്റെടുക്കുന്നതിന്‌ മികച്ച നഷ്‌ടപരിഹാര പാക്കേജ്‌ ആണ്‌  സർക്കാർ കൊണ്ടുവരുന്നത്‌. ഒരു കുടുംബവും ഈ പദ്ധതിയുടെ പേരിൽ വഴിയാധാരമാകില്ല. എന്നാൽ ആ പദ്ധതിയെ തുരങ്കം വെയ്‌ക്കാനാണ്‌ കോൺഗ്രസും ബിജെപിയും മറ്റ്‌ തൽപര കക്ഷികളും ശ്രമിക്കുന്നത്‌.

ആഗോളവൽക്കരണ നയത്തിലും വർഗീയതയിലും ഒരേ നിലപാടുള്ള കോൺഗ്രസ്‌  ബിജെപിക്ക്‌ ബദലല്ല. ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയ ആഗോളവൽക്കരണ സാമ്പത്തിക നയം നടപ്പാക്കുന്നതിൽ രണ്ടു കൂട്ടരും ഒരുപോലെയാണ്‌. മതനിരപേക്ഷത കൈവിട്ട്‌ വർഗീയതയോട്‌ സമരസപ്പെട്ടിരിക്കയാണ്‌ കോൺഗ്രസ്‌. ആഗോളവൽക്കരണ–സ്വകാര്യവൽക്കരണ നയവും ജനദ്രോഹവുമാണീ കക്ഷികളുടെ മുഖമുദ്ര.. കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ബദൽ നയങ്ങൾ  പ്രാവർത്തികമാക്കി. ഇടതുപക്ഷത്തിനാപ്പം പ്രാദേശിക കക്ഷികളും മതനിരപേക്ഷ ശക്തികളും ചേർന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനാകും. ഇത്തരമൊരു ബദലിന്റെ  പ്രസക്തി വർധിപ്പിക്കുന്നതാണ്‌ യുപി തെരഞ്ഞെടുപ്പിനു മുന്നോടിയായി കാണുന്ന മാറ്റങ്ങൾ . ബിജെപിയിൽനിന്ന്‌ മന്ത്രിമാരടക്കം  രാജിവെച്ച്‌ സമാജ്‌ വാദി പാർടിയിൽ ചേരുകയാണ്‌.

ഇനിയും മോദി സർക്കാർ വന്നാൽ രാജ്യത്തിന്റെ സർവനാശമാകും ഉണ്ടാകുക. വർഗീയതയെ നേരിടുന്നതിലും സാമ്പത്തിക നയത്തിലും സിപിഐ എമ്മിന്‌ ഉറച്ച നിലപാടാണ്‌. ഇത്‌ സിപിഐ എമ്മിന്റെയും ഇടതുപാർടികളുടേയും  വിശ്വാസ്യത ജനങ്ങൾക്കിടയിൽ  ഉയർത്തിയിട്ടുണ്ട്‌. . ഇടതുപക്ഷത്തിന്റെ ഈ വിശ്വാസ്യതക്കൊപ്പം പ്രാദേശിക കക്ഷികളെ യോജിപ്പിച്ച്‌ ബിജെപിയെ നേരിടാനുള്ള ബാദലാകുകയാണ്‌ വേണ്ടതെന്നും പിണറായി പറഞ്ഞു.