ഇറാനില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാരാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ പിടിയിലായതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഭീകര പ്രവര്‍ത്തനം’ പരാജയപ്പെടുത്തിയതിന് അഭിനന്ദനവുമായി ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രംഗത്തെത്തി.
ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍റായ റാംബോദ് നാംദാര്‍ എന്നയാളാണ് ചാരന്മാരെ റിക്രൂട്ട് ചെയ്തതെന്നും ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്. ജൂത മതക്കാരന്‍ എന്ന് അവകാശപ്പെടുന്ന അയാള്‍, ഇസ്രയേല്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുമായി സ്ത്രീകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ നല്‍കിയെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, അയാള്‍ ഇറാനിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്ന് അറിയില്ലായിരുന്നുവെന്ന് ആരോപണ വിധേയരായ സ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് ഗുരുതരമായ കേസാണെന്നും ഇസ്രായേലിനുള്ളില്‍ ഇറാനിയന്‍ ചാര ശൃംഖല സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുണ്ടെന്നും ഷിന്‍ ബെറ്റ് പ്രതികരിച്ചു.
അതിനിടെ, അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുന്നത് ഭാവനയില്‍ ചിത്രീകരിച്ച വീഡിയോ ഇറാന്‍ പുറത്തുവിട്ടു. ഡ്രോണ്‍ അയച്ച് ട്രംപിനെ കൊലപ്പെടുത്തതിന്റെ അനിമേറ്റഡ് വീഡിയോയാണ് ഇറാന്‍ അധികൃതര്‍ സൃഷ്ടിച്ചിരിക്കുന്നത്. യുഎസിലെ ഫ്‌ളോറിഡയിലുള്ള മാരലഗോയിലെ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുന്ന ട്രംപിനെ വധിക്കുന്നതാണ് അനിമേറ്റഡ് വീഡിയോയിലുള്ളത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്‌സൈറ്റിലാണ് ഈ അനിമേറ്റഡ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ പ്രിയങ്കരനായ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പുമായാണ് വിഡിയോ അവസാനിക്കുന്നത്. 2020 ജനുവരി 3നു ബഗ്ദാദില്‍ വച്ചാണ് സുലൈമാനി വധിക്കപ്പെട്ടത്. ഇതിന്റെ രണ്ടാം വാര്‍ഷികത്തില്‍ നടത്തിയ മത്സരവുമായി ബന്ധപ്പെട്ട അനിമേറ്റഡ് വിഡിയോയാണിത്.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രത്യേകവിഭാഗമായ കുദ്സ് ഫോഴ്സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ജനപ്രിയ സൈനികോദ്യോഗസ്ഥനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമയിനിയുടെ വിശ്വസ്ഥനുമാണ്യിരുന്നു ജനറല്‍ ഖാസിം സുലൈമാനി. മധ്യപൂര്‍വദേശത്ത് ഇറാന്‍ ഓപ്പറേഷന്‍സിന്‍റെ ചുക്കാന്‍ പിടിക്കുന്നതില്‍ പ്രധാനി, കടുത്ത അമേരിക്കന്‍ വിരോധി. ഐസിസ് വിരുദ്ധന്‍, സിറിയയിലെ ബഷര്‍ അല്‍ അസദിന്‍റെ ചങ്ങാതി. ഇറാന്‍ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പിന് തൊട്ടുമുമ്ബാണ് അമേരിക്കന്‍ ഡ്രോണുകള്‍ ജനറല്‍ സൊലൈമാനിയുടെ ജിവനെടുത്തത്. മേഖലയിലെ സ്വതന്ത്ര രാജ്യങ്ങളോടു ചേര്‍ന്ന് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ഉപയോഗിച്ച് വധിച്ചതില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ഐഡിഎഫിന്റെ മുന്‍ ഇന്റലിജന്‍സ് മേധാവി ഹെയ്മാന്‍ സമ്മതിച്ചിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് മുന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഉദ്യോഗസ്ഥന്‍ ഇറാഖില്‍ വച്ച് ഇറാനിയന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ഉപയോഗിച്ച് വധിച്ചതില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന് ആദ്യമായി സമ്മതിച്ചത്.
ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ ഇന്റലിജന്‍സ് ഓപ്പറേഷനില്‍ പങ്കെടുത്തതായി എന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുലൈമാനിയുടെ വിമാനം സിറിയയിലെ ഡമാസ്കസ് വിമാനത്താവളത്തില്‍ നിന്ന് ബാഗ്ദാദിലേക്ക് പോകുന്നതിനെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇത് ആദ്യമായാണ് സുലൈമാനി വധത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ഐഡിഎഫ് വക്താവ് വെളിപ്പെടുത്തുന്നത്.
സുലൈമാനിയെ വധിക്കാന്‍ കൂട്ടുനിന്നത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് നേരത്ത് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനിടെയാണ് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി വന്നിരിക്കുന്നത്. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജന്‍സ് സുലൈമാനിയെ ട്രാക്കുചെയ്യാന്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബാഗ്ദാദില്‍ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സുലൈമാനി നിരവധി സെല്‍ഫോണുകള്‍ മാറ്റിയിരുന്നു. അതേസമയം, സുലൈമാനിയുടെ സെല്‍ഫോണ്‍ പാറ്റേണുകള്‍ മൊസാദ് നേരത്തെ മനസിലാക്കിയിരുന്നു. ഈ വിവരങ്ങള്‍ കൃത്യമായി തന്നെ അമേരിക്കന്‍ ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തിരുന്നു.
സുലൈമാനിയുടെ ഫോണ്‍ നമ്ബറുകള്‍ കൃത്യമായി അറിയുന്ന ഇസ്രയേലികള്‍ അവ അമേരിക്കക്കാര്‍ക്ക് കൈമാറി. ഈ നമ്ബറുകള്‍ ട്രാക്ക് ചെയ്ത് ബാഗ്ദാദിലെ സുലൈമാനിയുടെ നീക്കങ്ങളെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇസ്രയേല്‍ നയതന്ത്രജ്ഞര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇസ്രയേല്‍ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിക്കുകയും ചെയ്തിരുന്നു.
അമേരിക്ക, ഇസ്രയേലിന് പുറമേ ഇറാഖ്, സിറിയ, ലെബനന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, ജര്‍മനി, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ മുതിര്‍ന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാന്‍ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയയും ആരോപിച്ചിരുന്നു.