ദിലീപിന്റെ കൈവശം തോക്ക്?; അന്വേഷകസംഘത്തിന്റെ വെളിപ്പെടുത്തല്‍, തോക്ക് കണ്ടെത്താനും പരിശോധന

0
65

ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. റെയ്ഡിന്റെ ഭാഗമായി ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടന്‍ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും പുറത്തുവന്നു. എസ് പിയുടെ നേതൃത്വത്തില്‍ മൂന്നിടങ്ങളിലും ഒരേസമയം അന്വേഷകസംഘം എത്തിയത് തോക്ക് കണ്ടെത്താന്‍ കൂടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ ദിലീപിന് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ദിലീപിന്റെ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രണ്ട് സംഘമാണ് ദിലീപിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തുന്നത്. ഇതിനൊപ്പം സഹോദരൻ അനൂപിന്റെ തോട്ടക്കാട്ട്കരയിലെ വീട്ടിലും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ദിലീപ് ഉപയോഗിക്കുന്ന ഫോണുകളും വീട്ടിൽനിന്നു കണ്ടെത്തിയ മറ്റു ഫോണുകളുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ദിലീപിന്റെ കൈയില്‍ ഒരു ആയുധമുണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച്‌ കൊല്ലുമെന്നുമെല്ലാം ദിലീപ് ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടിയായിരുന്നു.കോടതി അനുമതിയോടെയാണ് റെയ്ഡ്. ക്രൈംബ്രാഞ്ചിനും സൈബര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം അനുമതിയാണ് കോടതി നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ക്കൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തൊരുങ്ങിയതിനെതിരെയുള്ള തെളിവുകളും ശേഖരിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.