കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും

0
78

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം.

15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.

കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.