എസ് എഫ് ഐ പ്രവർത്തകനെ കെ എസ് യു -കോൺഗ്രസ് സംഘം കുത്തിക്കൊന്നു, കുത്തേറ്റ മറ്റൊരു വിദ്യാർത്ഥിയുടെ നില ഗുരുതരം

0
87

ഇടുക്കി പൈനാവ്‌ ഗവ. എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ കെ എസ് യു -കോൺഗ്രസ് സംഘം കുത്തിക്കൊന്നു. കമ്പ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജീനിയറിങ് ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥി കണ്ണൂര്‍ തളിപ്പറമ്പ്‌ പാൽകുളങ്ങര ആതിര നിവാസിൽ (അദ്വൈതം) രാജേന്ദ്രന്റെ മകൻ ആർ ധീരജ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. കുത്തേറ്റ മറ്റൊരു വിദ്യാർഥിയെ ഇടുക്കി മെഡിക്കൽ കോളേജ്‌ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പിനെതുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ പുറത്തുനിന്നും സംഘടിച്ചെത്തിയ കെ എസ് യു -കോൺഗ്രസ് സംഘം എസ് എഫ് ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ഇതിനിടയിൽ ധീരജിനെ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ധീരജിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ. കുത്തിയവര്‍ ഓടിരക്ഷപെട്ടു.

നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസുകാരനാണ് ധീരജ് അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ കുത്തിയത്. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കോളേജ് ക്യാമ്പസിന്റെ ഗേറ്റിൽ വെച്ച് കുത്തുകയായിരുന്നു. നിഖിൽ പൈലിയുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. വിദ്യാർത്ഥികളെ കുത്തിവീഴ്ത്തിയശേഷം പുറത്ത് നിരത്തിയിട്ട വാഹനത്തിൽ കയറി അക്രമികൾ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വൻപൊലീസ് സ്ഥലത്തെത്തി. കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകരെ നേരിടാൻ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ പുറത്തു നിന്നും എത്തിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ധീരജിന്റെ നെഞ്ചിലാണ്‌ കുത്തേറ്റത്‌.