പരക്കെ കുഴപ്പമുണ്ടാക്കാൻ കോൺഗ്രസ് ഗൂഢാലോചന, ആസൂത്രിത നീക്കം

0
66

കേരളത്തിലെമ്പാടും കുഴപ്പമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നതിനുപിന്നാലെ പത്തനംതിട്ട, മലപ്പുറം, കൊല്ലം, കോട്ടയം ജില്ലകളിൽ ബോധപൂർവം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന. ഇടുക്കിയിലേത് കെ എസ് യു നടത്തിയ കൊലപാതകമല്ലെന്നും കോൺഗ്രസുകാർ സമാധാനപ്രിയരാണെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. മാത്രമല്ല, സിപിഐ എമ്മിൽ ഗ്രൂപ്പുണ്ടെന്നും അതിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നുംവരെ സുധാകരൻ കണ്ടെത്തിക്കളഞ്ഞു. അക്രമികളെ മൊത്തം വെള്ള പൂശുന്ന തരത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ധീരജിനെ കുത്തിവീഴ്ത്തിയ നിഖിൽ പൈലിയെ മൊത്തം സംരക്ഷിക്കാനാണ് സുധാകരൻ ശ്രമിച്ചത്. സുധാകരൻ നിഖിൽ പൈലിയെ ചേർത്തുപിടിച്ചുനിൽക്കുന്ന ഫോട്ടോ ഇതിനകം പുലർത്തുവന്നിരുന്നു. ഇതോടെയാണ് കുപ്രസിദ്ധ നേതാവായ നിഖിൽ പൈലിയെ സംരക്ഷിക്കാം സുധാകരൻ തന്നെ നേരിട്ട് രംഗത്തുവന്നത്.
ഇതിനുശേഷമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസുകാർ അഴിഞ്ഞാട്ടം തുടങ്ങിയത്. എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ പ്രവർത്തകർ മലപ്പുറത്ത് പ്രകടനം നടത്തുമ്പോഴാണ് അത് അലങ്കോലമാക്കാൻ കോൺഗ്രസുകാർ വന്നത്. കെ സുധാകരന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ നീക്കം. സുധാകരൻ പങ്കെടുക്കുന്ന ഒരു യോഗത്തിൽ പങ്കെടുത്തവരാണ് മലപ്പുറത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ എത്തിയത്. “പിണറായി കുരക്കുന്നത് കണ്ട് ഞങ്ങടെ നേരെ കുരക്കണ്ട, പോരിന് വന്നാല്‍ തലയും വെട്ടുമെന്നും” കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കാനും നീക്കമുണ്ടായി. മലപ്പുറം ടൗണ്‍ഹാളിനു മുന്നിൽ കോൺഗ്രസുകാർ അഴിഞ്ഞാടിയിട്ടും സുധാകരൻ ഒന്നും മിണ്ടിയില്ല.
ഇതിനുപിന്നാലെ പത്തനംതിട്ട ടൗണിൽ കോൺഗ്രസുകാർ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ തുനിഞ്ഞു. പ്രകടനമായി പോകുകയായിരുന്ന പ്രവർത്തകരെ കൂക്കി വിളിക്കുകയും പ്രകോപനമില്ലാതെ അടിക്കാൻ കയ്യോങ്ങുകയും ചെയ്തു. ചില കോൺഗ്രസുകാർ കയ്യിൽ കരുതിയ കല്ലെടുത്ത് അറിയാനും ശ്രമിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സംയമനം പാലിച്ചതിനാൽ കോൺഗ്രസുകാരുടെ കലാപനീക്കം പൊളിയുകയായിരുന്നു.
കൊല്ലത്തും കോട്ടയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. കൊല്ലത്ത് കോൺഗ്രസുകാരെ എരിവ് കേറ്റാൻ കെ പ്രേമചന്ദ്രൻ എംപിയും തന്നാൽ കഴിയുന്ന സംഭാവന നൽകി. ചവറ നല്ലേഴത്തുമുക്കിൽ പ്രതിഷേധ പ്രകടനത്തിനിടയിലൂടെ വാഹനം കയറ്റിപോകാൻ ശ്രമിച്ചപ്പോൾ പ്രവർത്തക ചോദ്യം ചെയ്തതിനെ പ്രേമചന്ദ്രൻ അക്രമമായി ചിത്രീകരിക്കുകയായിരുന്നു. വാഹനം തകർത്തുവെന്ന് ആദ്യം പറഞ്ഞ പ്രേമചന്ദ്രൻ, പിന്നീട് ഇത് മാറ്റി. കാറിന്റെ ബോണറ്റിൽ ഇടിച്ചു എന്നായിപിന്നെ. ഇതിന്റെ പേരിലും കോൺഗ്രസുകാരും യു ഡി എഫുകാരും പരക്കെ കൊലവിളി തുടർന്നു. കോട്ടയത്തും അവസ്ഥ മറ്റൊന്നല്ല. വ്യാജപ്രചരണം ഇളക്കിവിട്ട് അതിന്റെ മറവിൽ കുഴപ്പം ഉണ്ടാക്കാൻ ബോധപൂർവം കോൺഗ്രസ് ശ്രമിക്കുകയാണ്.
വികസനത്തെ കായികമായി നേരിടുമെന്നാണ് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസത്യം പ്രചരിപ്പിച്ചും അണികളെ ഇളക്കിവിടാൻ ശ്രമിക്കുകയാണ്. കെ റെയിലിന്റെ സര്‍വ്വേക്കല്ല് പിഴുതെറിയും എന്ന് പറഞ്ഞ സുധാകരൻ പരസ്യമായി അക്രമത്തിനു ആഹ്വാനം നൽകുകയാണ്. ഇതിന്റെയൊക്കെ ഭാഗമായാണ് തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസുകാർ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ.