അഗളി സിഎച്ച്‌സിയില്‍ തിങ്കളാഴ്ച മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍: മന്ത്രി വീണാ ജോര്‍ജ്

0
68

പാലക്കാട് അഗളി സിഎച്ച്‌സിയില്‍ ജനുവരി 10 മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് + പള്‍മണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒപികളാണ് പുതുതായി ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയില്‍ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഗളി സിഎച്ച്‌സിയില്‍ സ്‌പെഷ്യാലി ഒപികള്‍ സ്ഥാപിച്ചത്. ഇതോടെ ആ മേഖലയിലുള്ള ഗര്‍ഭിണികളെ ചെക്കപ്പിനായി അധിക ദൂരം യാത്ര ചെയ്യാതെ ഈ ഒപി സേവനം പ്രയോജനപ്പെടുത്താനാകും. ഇവരുടെ പ്രസവവും തുടര്‍ ചികിത്സയും കോട്ടത്തറ ആശുപത്രിയിലായിരിക്കും നടത്തുക. നിലവിലുള്ള 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഗൈനക്കോളജി ഒപി പ്രവര്‍ത്തിക്കുക. ഗര്‍ഭിണികള്‍ക്ക് വേണ്ട ലാബ് പരിശോധനകള്‍ക്കും അന്ന് സൗകര്യം ഉണ്ടാകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ശിശുരോഗ വിഭാഗം ഒപി പ്രവര്‍ത്തിക്കും. പോസ്റ്റ് കോവിഡ് ക്ലിനിക് + പള്‍മണോളജി ഒപി ഏല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും. ഈ ഒപികള്‍ക്കായി ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധ, ശ്വാസകോശ രോഗ വിദഗ്ധന്‍ തുടങ്ങിയ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ സാധാരണ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കാന്‍ സജ്ജമാക്കിയ പുതിയ സംവിധാനങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.