ഏകീകൃത സിവിൽകോഡ് പൊതുനയവിഷയമാണെന്നും അതിൽ കോടതികൾക്ക് നിർദേശങ്ങൾ പുറപ്പെടുവിക്കാൻ പരിമിതികൾ ഉണ്ടെന്നും കേന്ദ്രസർക്കാർ. വൈകാരികമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങൾ ആവശ്യമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. രാജ്യത്ത് മൂന്നു മാസത്തിനുള്ളിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി.
ഏകീകൃത സിവിൽകോഡ് ഭരണഘടനയിലെ നിർദേശകതത്വത്തിന്റെ ഭാഗമായ പൊതുനയമാണ്. അത് നടപ്പാക്കാൻ നിർദേശം പുറപ്പെടുവിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാകില്ല.
നിയമങ്ങൾ രൂപീകരിക്കാനുള്ള പരമാധികാരം പാർലമെന്റിനാണ്. പുറത്തുനിന്ന് ഏതെങ്കിലും നിയമങ്ങൾ നടപ്പാക്കണമെന്ന നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സർക്കാർ വിശദീകരിച്ചു.