ശാന്തികവാടത്തിലെ ഫർണസിൽ തീപിടിത്തം, പുകക്കുഴൽ കത്തിനശിച്ചു

0
88

തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലെ ഫർണസിന്റെ പുകക്കുഴലിൽ തീപിടിച്ചു. കൃത്യസമയത്ത് ഫയർഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനും ലോഹക്കുഴൽപ്പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞു.

ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പ്രവർത്തനത്തിനിടെ ഫർണസിലെ ബുഷിൽ നിന്ന് തീപടർന്നാണ് പുകക്കുഴലിന്റെ പകുതിയോളം തീപിടിച്ചത്. വൻതോതിൽ പുക ഉയർന്നപ്പോഴാണ് ജീവനക്കാർ ഇക്കാര്യം അറിഞ്ഞത്. ജീവനക്കാർ അറിയിച്ചതനുസരിച്ച് ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീഅണയ്‌ക്കാൻ തുടങ്ങിയത്. ഫർണസിന് പുറത്ത് ഉയരമുള്ള പുകക്കുഴലായതിനാൽ ശ്‌മശാനത്തിനുള്ളിലെത്തിയും വെള്ളം ചീറ്റി. രണ്ടുവാഹനമെത്തിച്ച് ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനിടെ തീപ്പൊരി വീണ് നഗരസഭയുടെ വാഹനത്തിനും തീപിടിച്ചെങ്കിലും ഫയർഫോഴ്സ് വാഹനത്തിലെയും തീകെടുത്തി.