ഒമിക്രോൺ: ലോക്‌ഡൗണിനെ കുറിച്ച്‌ നിലവിൽ ആലോചനയില്ല; ജാഗ്രത വേണം‐ വീണാ ജോർജ്‌

0
105

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്‌  പറഞ്ഞു. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ആരോ​ഗ്യ വകുപ്പിലെ കാണാതായ  ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ല. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രിവ്യക്തമാക്കി.

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.