വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു, നീതുവിന്റെ പരാതിയില്‍ കാമുകന്‍ അറസ്റ്റില്‍

0
107

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ നീതു രാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഗാര്‍ഹിക പീഡനം, ബാല പീഡനം തുടങ്ങിയ വകുപ്പുകളും ഇബ്രാഹിമിനെതിരെ ചുമത്തും. 30 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു, ഏഴുവയസുകാരന്‍ മകനെ മര്‍ദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നല്‍കിയ പരാതിയില്‍ നീതു പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇബ്രാഹിം ബാദുഷയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴിയാണ് ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത്. ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താനായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസി. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ പല തവണ എത്തിയിരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം ഫോട്ടോ ഇബ്രാഹിമിന് അയച്ചുകൊടുത്തു.