കണ്ണൂർ സർവകലാശാല; പ്രിയാ വർഗീസിന്‌ യോഗ്യതയില്ലെന്നത്‌ നുണ

0
71

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന്‌ കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള യോഗ്യതയില്ലെന്നത്‌ നുണ. യുജിസി റഗുലേഷൻ 3.11 ഖണ്ഡികയിൽ ‘ഏതെങ്കിലും തരത്തിലുള്ള അവധിയെടുക്കാതെ അധ്യാപന ചുമതലയ്ക്കൊപ്പം ഒരേസമയം ഗവേഷണബിരുദം നേടാനായി ചെലവിട്ട കാലയളവ് നേരിട്ടുള്ള നിയമനത്തിനും/ പ്രൊമോഷനുമുള്ള അധ്യാപന പരിചയമായി കണക്കാക്കും’ എന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

ഇത്‌ ബോധപൂർവം മറച്ചുവച്ചാണ് കള്ളപ്രചാരണം. അധ്യാപനത്തോടൊപ്പം അവധിയെടുക്കാതെ ഗവേഷണത്തിന്‌ യുജിസി അനുവാദമുണ്ട്‌. പ്രിയാ വർഗീസ് ലീവെടുത്തല്ല, ടീച്ചർ ഫെലോ എന്നനിലയിൽ സർവീസിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നതും വസ്‌തുതാവിരുദ്ധമാണ്‌. ഡെപ്യൂട്ടേഷൻ കാലയളവ് പ്രൊമോഷന്‌ കണക്കാക്കുന്നതുപോലെ നിയമനത്തിനുള്ള അധ്യാപക പരിചയമായും കണക്കാക്കുമെന്ന് യുജിസി റഗുലേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2012 മാർച്ച് 14 മുതൽ കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വർഗീസ്‌ അപേക്ഷ നൽകുന്ന സമയത്ത് ഒമ്പതര വർഷത്തിലേറെ പരിചയമുണ്ട്. 2001 മുതൽ 2003 വരെ കണ്ണൂർ യൂണിവേഴ്‌സിറ്റി ബിഎഡ് സെന്ററിൽനിന്നുള്ള രണ്ടു വർഷത്തെ അധ്യാപന പരിചയവുമുണ്ട്. യുജിസി മാനദണ്ഡമനുസരിച്ച് എട്ടു വർഷമാണ് യോഗ്യത. 11 വർഷത്തിലേറെ അധ്യാപന പരിചയമുണ്ടായിട്ടും യോഗ്യതയില്ലെന്ന പെരുംനുണയാണ് പ്രചരിപ്പിക്കുന്നത്.