മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ തിരമാലയോട് പൊരുതി 30 മണിക്കൂറോളം കടലിൽ നീന്തിയ മത്സ്യത്തൊഴിലാളി

0
59

കാസർകോട്- മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ തിരമാലയോട് പൊരുതി 30 മണിക്കൂറോളം കടലിൽ നീന്തിയ മത്സ്യത്തൊഴിലാളി ജോസഫ് (51) അത്ഭുതകരമായി കരതൊട്ടു.

തമിഴ്‌നാട് രാമനാഥപുരം വണ്ണാൻകുണ്ട് പുതുക്കൈ സ്വദേശിയായ ദുരൈസിങ്കത്തിന്റെ മകൻ ജോസഫാണ് 30 മണിക്കൂറോളം കടലിൽ നീന്തിയ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

കാസർകോട് കീഴൂരിൽ നിന്നും 14 കിലോമീറ്റർ അകലെ കടലിൽ അബോധാവസ്ഥയിൽ ഒഴുകിനടക്കുന്ന ജോസഫിനെ കീഴൂർ കടപ്പുറത്തുനിന്നും മീൻ പിടിക്കാൻ പോയ മൽസ്യത്തൊഴിലാളികളായ ദിനേശൻ, സിനാൻ, സുരേഷ് എന്നിവർ ചേർന്നാണ് കണ്ടെത്തി രക്ഷപ്പെടുത്തി തീരത്ത് എത്തിച്ചത്.

പിന്നീട് തീരദേശ പൊലീസ് എസ് ഐ സുഭാഷിന്റെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജോസഫ് ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മംഗളുരുവിൽ നിന്ന് ജോസഫും സംഘവും 30 നാണ് മീൻപിടിക്കാൻ ആഴക്കടലിൽ പോയത്.

തീരിച്ചുവരുന്നതിനിടയിൽ ജനുവരി ആറിന് വ്യാഴാഴ്ച ബോട്ടിൽ നിന്ന് തെറിച്ചു കടലിൽ വീണതാണ് ജോസഫ്. മംഗളുരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. സഹപ്രവർത്തകർ ജോസഫിനെ കടലിൽ തിരഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കടലിൽ വീണ ജോസഫ്, ധൈര്യം സംഭരിച്ചു നീന്തുകയായിരുന്നു. വിവരമറിഞ്ഞു ജോസഫിന്റെ ഭാര്യ അരുൾമണിയും ബന്ധുക്കളും കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്