അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ കൈമാറ്റത്തിന് ചാർജ് ഈടാക്കില്ല എസ്ബിഐ

0
56

ദില്ലി:അധിക ചാർജുകൾ ഇല്ലാതെ ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാട് പരിധി ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

ഇന്റർനെറ്റ് ബാങ്കിംഗ് മൊബൈൽ ബാങ്കിംഗ്, യുപിഐ, യോനോ ആപ് എന്നിവ വഴി അഞ്ച് ലക്ഷം രൂപ വരെ ഐഎംപിഎസ് രീതിയിൽ ഫെബ്രുവരി ഒന്ന് മുതൽ കൈമാറ്റം നടത്താൻ സർവീസ് ചാർജ് ഈടാക്കില്ല. നിലവിൽ 2 ലക്ഷം രൂപ വരെയാണ് പരമാവധി പരിധി.

എൻഇഎഫ്ടി, ആർടിജിഎസ് പണം കൈമാറ്റത്തിനും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചാൽ എസ്ബിഐ സർവീസ് ചാർജ് ഈടാക്കുകയുമില്ല. എന്നാൽ ഈ ഇടപാടുകൾ ബാങ്ക് ശാഖകളിൽ ചെന്നു നടത്തിയാൽ സർവീസ് ചാർജും അതിന്മേൽ നികുതിയും (ജിഎസ്ടി) ഉണ്ടാകും.

1000 രൂപ വരെയുള്ള തുക ബാങ്ക് ശാഖ വഴിയും ഐഎംപിഎസ് വഴി ഫീസില്ലാതെ കൈമാറാം. അതിനുമേൽ 2 ലക്ഷം വരെ കൈമാറ്റത്തിന് വിവിധ സ്ലാബുകളിലായി 2 രൂപ മുതൽ 12 രൂപ ഫീസും ഫീസിന്റെ 18% ജിഎസ്ടിയും ഈടാക്കും. ഫെബ്രുവരി ഒന്നുമുതൽ ഇത് അഞ്ച് ലക്ഷം എന്ന പരിധി ആകും. ഇതിന് 20 രൂപ ഫീസും ജിഎസ്ടിയും ഈടാക്കും.