കോഴിക്കോട്- പാലക്കാട് ദേശീയപാത 966 ലെ നാട്ടുകാല്‍ മുതല്‍ താണാവ് ജംഗ്ഷന്‍ വരെയുള്ള പ്രവൃത്തി ഏപ്രില്‍ മുപ്പതിനകം പൂര്‍ത്തിയാക്കുവാന്‍ തീരുമാനം.പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതഉദ്യോഗസ്ഥ തലയോഗത്തിലാണ് തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അവിടെ പ്രവൃത്തി ആരംഭിക്കാനുള്ള ക്രമീകരണമൊരുക്കാനും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ചുമതല ഉള്ള ഡെപ്യൂട്ടി കലക്ടര്‍ ഇത് ഏകോപിപ്പിക്കും. ഭൂമി ഏറ്റെടുക്കലിനുള്ള മുഴുവന്‍ തുകയും കൈമാറുന്നത് ഉറപ്പാക്കാന്‍ ദേശീയപാതാ വിഭാഗം ചീഫ്എഞ്ചിനിയറെ ചുമതലപ്പെടുത്തി.
നാട്ടുകാല്‍ മുതല്‍ താണാവ് ജംഗ്ഷന്‍ വരെയുള്ള 46 കിലോമീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. ഇതില്‍ 35 കിലോമീറ്ററിലെ ബി എം ആന്‍റ് ബി സി പ്രവൃത്തി പൂര്‍ത്തിയായി. വിവിധ സ്ട്രെച്ചുകളിലായി 9.2 കിലോമീറ്റര്‍ ദൂരത്തെ പ്രവൃത്തിയാണ് സ്ഥലം ഏറ്റെടുക്കൽ തുടരുന്നതിനാൽ പൂര്‍ത്തിയാകാനുള്ളത്.
മന്ത്രിക്കു പുറമെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് , ജോയിന്റ് സെക്രട്ടറി സാംബശിവറാവു, പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം ചീഫ് എഞ്ചിനിയര്‍ അശോക് കുമാര്‍, പാലക്കാട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.