തിരുവനന്തപുരം :പ്രഥമ കേരള ഒളിമ്പിക്സി നോടനുബന്ധിച്ച് സ്പോർട്സ് ഫോട്ടോ വണ്ടിയും അന്തർദേശീയ കായിക ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിക്കുന്നു .ജനുവരി 29ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽ നിന്ന് പുറപ്പെടുന്ന ഫോട്ടോ വണ്ടി എല്ലാ ജില്ലകളിലും സന്ദർശിക്കും. ഫെബ്രുവരി പത്താം തീയതി കായിക കേരളത്തിന്റെ കുലപതി ഗോദ വർമ്മ രാജയുടെ പ്രവർത്തന കേന്ദ്രമായ തിരുവനന്തപുരത്ത് ഫോട്ടോ വണ്ടി
യാത്ര അവസാനിപ്പിക്കും. അന്താരാഷ്ട്ര സ്പോർട്സ് ഫോട്ടോഗ്രാഫി എക്സിബിഷൻ ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന ഒളിമ്പിക്സ് ഗെയിംസനോട് അനുബന്ധിച്ച് ആയിരിക്കും അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിക്കുന്നത്. കേരള മീഡിയ അക്കാദമിയും , കേരള പത്രപ്രവർത്തക യൂണിയനും , കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫോട്ടോഗ്രാഫി പ്രദർശനം ഒരുക്കുന്നത്. ഫോട്ടോകൾക്ക് പുറമേ കേരളത്തിൻറെ കായിക ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന പത്രവാർത്തകളും പ്രദർശനത്തിൽ ഉൾപ്പെടുത്തും. മികച്ച സ്പോർട്സ് ചിത്രങ്ങൾക്കൊപ്പം ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമാകും. കേരളത്തിന്റെ കായിക ചരിത്രം പുതുതലമുറയ്ക്ക് മനസ്സിലാക്കാൻ പ്രദർശനം സഹായകരമാകുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു . കായികരംഗത്തെ ചില അപൂർവ ചിത്രങ്ങളും പ്രദർശനത്തിന്റെ ആകർഷണമാകും.എക്സിബിഷനിൽ മികച്ച ചിത്രമായി തെരഞ്ഞടുക്കുന്ന ഫോട്ടോയ്ക്ക് 50,000 രൂപ ഒന്നാം സമ്മാനമായി നൽകും .മികച്ച രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയമാണ് സമ്മാനമായി നൽകുക.
കേരളത്തിൻറെ കായിക ചിത്രങ്ങളുടെ സംക്ഷിപ്ത രൂപമാകും കെ എസ് ആർ ടി സി ബസിൽ ഒരുക്കുന്ന ഫോട്ടോ വണ്ടി .
ഫോട്ടോ വണ്ടിയുടെ യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും കായിക താരങ്ങളെയും വിദ്യാർഥികളയും പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
അതാത് ജില്ലകളിലെ പ്രസ് ക്ലബുകളും ജില്ല ഒളിമ്പിക് അസോസിയേഷനും ചേർന്നാണ് ജില്ല കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുക. ജില്ലാ ഒളിമ്പിക്സ്കളുടെ കവറേജിന് ജില്ലാതലത്തിൽ മാധ്യമ പുരസ്കാരം നൽകാനും തീരുമാനിച്ചിട്ടുണ്ട് .
സ്പോർട്സ് മീഡിയ വർക്ക്ഷോപ്പ്
പ്രഥമ സംസ്ഥാന ഒളിമ്പിക്
ഗെയിംസിനോടനുബന്ധിച്ച്
മാധ്യമപ്രവർത്തകർക്കായി
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വർക്ക്ഷോപ്പ് സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റുകൾ വർക്ക്ഷോപ്പിന്റെ ഭാഗമാകും. ഫെബ്രുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്താണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 15 മുതൽ 24 വരെയാണ് സംസ്ഥാന ഒളിമ്പിക് ഗെയിംസ് നിശ്ചയിച്ചിട്ടുള്ളത് .
തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ പി റെജി, കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി സുനിൽകുമാർ , ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് കെ എസ് ബാലഗോപാൽ ,കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോകൾ ക്ഷണിക്കുന്നു
എക്സിബിഷനുകളിൽ ഉൾപ്പെടുത്തുതിനായി
പത്ര ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു.
വ്യക്തികൾക്ക് പുറമേ പത്ര സ്ഥാപനങ്ങൾക്കും ചിത്രങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. ചിത്രങ്ങൾ ജനുവരി പതിനെട്ടാം തീയതിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.