നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
64

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുനർവിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയിൽ ഏഴുപേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽനിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു

എന്നാൽ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനർവിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. എന്നാൽ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ
നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം.

കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിരുന്നു.

കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. വിഷയത്തിൽ സംവിധായകന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ പ്രത്യേക സംഘമാകും അന്വേഷിക്കുക.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.