മുസ്ലിംലീഗ് നേതാവിന്റെ ബന്ധു ചെയര്‍മാനായ ട്രസ്റ്റ് തട്ടിയെടുത്ത വഖഫ് സ്വത്ത് തിരിച്ചു പിടിക്കണമെന്ന ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചു. കുറ്റിക്കാട്ടൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന സ്വത്താണ് സ്വകാര്യ ട്രസ്റ്റ് ചുളുവിലയ്‌ക്ക് വാങ്ങി കൈവശം വെച്ചത്. 2.10 ഏക്കര്‍ ഭൂമിയും യത്തീംഖാനയും സ്‌കൂളും വനിതാ അറബിക് കോളേജുമടക്കം കോടികള്‍ വിലമതിക്കുന്നതാണ് സ്വത്ത്. ഇത് വീണ്ടെടുത്ത് നല്‍കാനാണ് തീരുമാനം.
ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി വഖഫ് ബോര്‍ഡിനെ സമീപിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡ് പരാതി പത്തുവര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയി. 2015ല്‍ ട്രസ്റ്റിന് അനുകൂലമായി ഉത്തരവിറക്കി. ഇതിനെതിരെ മഹല്ല് ജമാഅത്ത് കമ്മിറ്റി വഖഫ് ട്രിബ്യൂണലിനെ സമീപിച്ചു. സ്വകാര്യ ട്രസ്റ്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും ട്രസ്റ്റായി യത്തീംഖാന കമ്മിറ്റി രൂപീകരിച്ചത് നിയമവിധേയമല്ലെന്നും വഖഫ് സ്വത്ത് കൈമാറിയതിനെ അനുകൂലിച്ചുള്ള ബോര്‍ഡ് ഉത്തരവ് തെറ്റാണെന്നും കണ്ടെത്തി.
2020ല്‍ എത്രയും വേഗം സ്വത്ത് മഹല്ല്ജമാഅത്ത് കമ്മിറ്റിക്ക് കൈമാറണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. ഇത് നടപ്പിലാക്കാന്‍ ലീഗ് അനുഭാവികളായ സ്വകാര്യ ട്രസ്റ്റ് കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് വഖഫ്‌ബോര്‍ഡ് നടപടി. 1987ല്‍ 73,000 മുടക്കിയാണ് മഹല്ല് ജമാഅത്ത് കമ്മിറ്റി 2.10 ഏക്കര്‍ ഭൂമി വാങ്ങിയത്. 1999ല്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ 5000 രൂപയ്‌ക്കാണ് മുസ്ലീംലീഗ് നേതാവിന്റെ ബന്ധു ചെയര്‍മാനായി തട്ടികൂട്ട് ട്രസ്റ്റുണ്ടാക്കി തട്ടിയെടുത്തത്. അതിരഹസ്യമായിരിന്നു ഇവരുടെ നീക്കം. മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും വഖഫ്ബോര്‍ഡ് അംഗമായിരുന്ന ലീഗ് ഉന്നതനുമെല്ലാം ചേര്‍ന്നാണ് സ്വത്ത് കൈമാറ്റം.
വഖഫ് സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ അതേ മൂല്യമുള്ള സ്വത്ത് പകരം നല്‍കണമെന്നായിരുന്നു 2013 വരെയുള്ള നിയമം. നിലവില്‍ ഒരു കാരണവശാലും കൈമാറ്റം ചെയ്യാനാകില്ല. നിയമം പാലിക്കാതെയായിരുന്നു കൈമാറ്റം. 2005ല്‍ പുതിയ മഹല്ല് ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നിട്ടും രേഖകള്‍ തിരിച്ചുനല്‍കാതിരുന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.