സംസ്ഥാനത്ത് പനി പടരുന്നു

0
96

സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു. ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഇക്കൂട്ടര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്.കോവിഡ് നെഗറ്റീവാണെന്ന് അറിയുന്ന മുറയ്ക്കാണ് തുടര്‍ചികിത്സ ലഭിക്കുന്നത്. വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിന ചൂടും തമ്മില്‍ അനുപാതമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. വൈറല്‍ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് കൂടുതല്‍ കാണുന്നത്. പ്രായമേറിയവര്‍ പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വായുവില്‍ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്‌ക് ഉപയോഗത്തില്‍ ജാഗ്രതക്കുറവ് കാണുന്നുണ്ടെന്നും മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാംതരംഗം ഉണ്ടെങ്കില്‍ അത് സാധാരണ പനിയും കൊറോണയും ചേര്‍ന്ന ഫ്‌ളുറോണ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ഡോ. ബി. പത്മകുമാര്‍ പറഞ്ഞു.