കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുകയറുന്നു, ഒരു ദിവസം; മുംബൈ- 15,166, ഡൽഹി- 10,665, ബംഗാൾ- 14,022, 11 മരണം

0
75

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന ആശങ്കാജനകമായ റിപ്പോർട്ട് സ്ഥിരീകരിച്ചതിനുപിന്നാലെ ഡൽഹിയിലും മുംബൈയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മഹാനഗരങ്ങളിൽ മാത്രം 25,831 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 11 മരണവും സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയിൽ 24 മണിക്കൂറിനിടെ 15166 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ആക്റ്റീവ് ആയ രോഗികളുടെ എണ്ണം 61923 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണം 10860 ആയിരുന്നു. ഒരു ദിവസത്തിനകം മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1,218 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിൽ 10,665 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 5481 ആയിരുന്നു രോഗബാധിതരുടെ എണ്ണം. എട്ടുപേർ മരിച്ചു. കഴിഞ്ഞ മെയ് മാസത്തിനുശേഷം ഇതാദ്യമായാണ് ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 11,551 പേർ ഗൃഹനിരീക്ഷണത്തിലാണ്.പശ്ചിമബംഗാളിലും സ്ഥിതി ഏറെ ഗുരുതരമാണ്. ഇവിടെയും 24 മണിക്കൂറിനിടെ 14,022 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.