ഉത്തരവാദിത്വ രക്ഷകര്‍ത്തിത്വം: ഔട്ട് റീച്ച് ക്യാമ്പുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു

0
61

എല്ലാ ശനിയാഴ്ചകളിലും ഔട്ട് റീച്ച് ക്യാമ്പുകള്‍

ഉത്തരവാദിത്ത രക്ഷകര്‍ത്തിത്വം സംബന്ധിച്ച് മാതാപിതാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനും പാരന്റിംഗില്‍ ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശം നല്‍കുവാനും ലക്ഷ്യമിട്ട് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഔട്ട് റീച്ച് ക്യാമ്പുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരന്റിങ് ക്ലിനിക്കുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് പുറമെയാണ് പുതിയ ഔട്ട് റീച്ച് ക്യാമ്പുകള്‍. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാകും ഔട്ട് റീച്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ഔട്ട് റീച്ച് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശമന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി.

അനുയോജ്യമായ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ശനിയാഴ്ച ഒരു പഞ്ചായത്തില്‍ എന്ന രീതിയിലാകും ക്യാമ്പ്. ഒരു ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു തവണ നടപ്പാക്കിക്കഴിഞ്ഞാല്‍ ആദ്യം ആരംഭിച്ച പഞ്ചായത്ത് മുതല്‍ ചാക്രിക രീതിയില്‍ ക്യാമ്പ് ആവര്‍ത്തിക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നുട്രീഷനിസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്‌റ് എന്നിവരുടെ സേവനം പഞ്ചായത്തിന്റെ സഹകരണത്തോടെ ക്യാമ്പില്‍ ഏര്‍പ്പെടുത്തും. സ്‌കൂള്‍ കൗണ്‍സിലര്‍മാരുടേയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടേയും മേല്‍നോട്ടത്തില്‍ ശിശു വികസന പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള ചുമതല. ക്യാമ്പിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.