കുറുവ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘം പോലീസ് പിടിയിൽ

0
80

ആലപ്പുഴ ചേർത്തലയിൽ കുറുവാ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തിയത് നാട്ടുകാർ തന്നെയെന്ന് തെളിഞ്ഞു. കുറുവ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണസംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. എസ്എൽ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുൺ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമൻ 16 കാരനാണ്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരുന്നു.

തമിഴ്നാട്ടിലെ കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവാ സംഘം കേരളത്തിലിറങ്ങിയെന്ന പ്രചാരണം വ്യാപകമായിരുന്നു. ചേർത്തല തിരുവിഴ അടക്കമുള്ള ഭാഗങ്ങളിൽ നിന്ന് പകർത്തിയ സിസിടിവി ദൃശ്യങ്ങളിലാണ് കുറുവാ സംഘമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആളുകളെ കണ്ടത്. തിരുവിഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേർ ഓടിപ്പോകുന്നതും കാണാമായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. പിടിയിലായവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലും അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. മോഷണം നടന്ന വീടുകളിലെത്തിച്ച് ഇന്നും നാളെയുമായി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.