വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; മൂന്നുപേര്‍ അറസ്റ്റില്‍

0
53

ഉദുമയില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോറിക്ഷയില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ ബാര അംബാപുരം പാറക്കടവില്‍ എം.മനോജ്കുമാര്‍ (38), കോണ്‍ക്രീറ്റ് തൊഴിലാളിയായ കൊല്ലം കൊട്ടംകരയിലെ പ്രേംകുമാര്‍ (35), തൃശൂര്‍ പുളിക്കലിലെ പി.കെ ശരത്ത് (29) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉദുമ ഈച്ചിലിങ്കാലില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന 13 കാരനെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിലെത്തി വിവരം പറഞ്ഞു.

വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ച് പല വഴിയിലും അന്വേഷണം നടത്തുന്നതിനിടെ ഉദുമ വില്ലേജ് ഓഫീസിന് പിറക് വശത്തുള്ള ഇടവഴിയില്‍ ഓട്ടോ കണ്ടെത്തി. ഓട്ടോയിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടയാണെ പിന്നീട് കെട്ടിടത്തിന് മുകളില്‍ നിന്നും പിടികൂടുകയായിരുന്നു.