വാട്സാപ്പിൽ വന്ന ഒരൊറ്റ ലിങ്കില്‍ കയറിയാല്‍ നിങ്ങളുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാരുടെ കൈയിലെത്തും

0
60

ഇന്‍സ്‌റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സാപ്പില്‍ സുരക്ഷാവീഴ്‌ചയില്ലെന്നും ആപ്പ് ഉടമകളായ മെറ്റ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ക്ക് വാട്‌സാപ്പില്‍ ഒരു പഞ്ഞവുമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

Rediroff.com എന്ന ലിങ്ക് പലരൂപത്തില്‍ വാട്‌സാപ്പില്‍ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വ്യക്തിപരവും ബാങ്കുമായി ബന്ധപ്പെട്ടതുമായ വിവരം ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതാണ് ഇതെന്നാണ് വിവരം.

ഈ ലിങ്ക് വിന്റോസ് പിസികളിലും ഐഒഎസിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഒരുപോലെ ബാധിക്കുന്നതാണ്. എന്നുമുതലാണ് ഈ ലിങ്ക് വാട്‌സാപ്പില്‍ പ്രചരിച്ചുതുടങ്ങിയതെന്ന് വ്യക്തമല്ല എന്നാല്‍ വലിയൊരു വിഭാഗം ആളുകളുടെ വ്യക്തിവിവരങ്ങള്‍ ഈ ലിങ്ക് വഴി ചോര്‍ന്നിട്ടുണ്ടെന്നാണ് സിഎന്‍ബിസി അറിയിക്കുന്നത്.

ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്ബോള്‍ ഉപഭോക്താവിന് പരിചയമുള‌ള സര്‍വെയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി വിവരം നല്‍കും. തുടര്‍ന്ന് വിവിധ ചോദ്യങ്ങള്‍ ഉപഭോക്താവിനോട് ചോദിക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടെ വ്യക്തിവിവരങ്ങള്‍ ചോദിക്കും. പേര്, വയസ്, അഡ്രസ്, ബാങ്ക് വിവരങ്ങള്‍ മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ ഇവ പൂരിപ്പിക്കണമെന്ന് ആവശ്യപ്പെടും. തട്ടിപ്പിനെക്കുറിച്ച്‌ ധാരണയില്ലാത്ത ഉപഭോക്താക്കള്‍ വിവരങ്ങള്‍ നല്‍കുന്നതോടെ തട്ടിപ്പുകാര്‍ ആ വിവരങ്ങള്‍ കൈക്കലാക്കും. ചിലപ്പോള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് വരെ ആ വിവരങ്ങള്‍ ഉപയോഗിക്കാം.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഡിലീ‌റ്റ് ചെയ്യുകയോ സ്‌പാം ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയോ വേണം. ശേഷം ഉപയോഗിക്കുന്ന ഉപകരണം പിസി ആയാലും മൊബൈല്‍ ആയാലും ഉടന്‍ വൈറസ് സ്‌കാന്‍ നടത്തി സുരക്ഷ ഉറപ്പാക്കണം.