ഗോവയില്‍ വാഹനാപകടം: സഹോദരങ്ങളടക്കം മൂന്ന് മലയാളികള്‍ മരിച്ചു

0
62

ഗോവയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളടക്കം മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24), വലിയഴീക്കൽ സ്വദേശി നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഖില്‍, വിനോദ്കുമാര്‍ എന്നിവരുടെ നില ഗുരുതരമാണ്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. വ്യാഴാഴ്‌ച രാത്രി ഒന്‍പതരയോടെയാണ് അപകടം. അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ദേശീയപാത 66 ബിയിൽ സുവാരി ഗേറ്റിൽ എം ഇ എസ് കോളേജിന് സമീപത്തായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. മരിച്ച വിഷ്ണു വാസ്കോയിൽ നാവികസേനാ ഓഫീസറാണ്. നിധിൻ ദാസ് ഗോവ എയർപോർട്ടിൽ ജീവനക്കാരനും. ഇരുവരും അവധി കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് ഗോവയിൽ തിരിച്ചെത്തിയത്.