തലസ്ഥാനത്തെ ആവേശത്തിലാക്കി രാജമൗലിയുടെ റാർ പ്രീ ലോഞ്ച് ഇവന്റ്

0
72

ബാഹുബലിയുടെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നു സൂചനകൾ നൽകിയ ആർ ആർ ആർ മലയാളം ട്രൈലെർ റിലീസിന് തൊട്ടു പിന്നാലെ തന്നെ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിയും പ്രധാന താരങ്ങൾ ആയ ജൂനിയർ എൻ ടി ആർ , റാം ചരൺ എന്നിവർ തിരുവനന്തപുരത്തെ ഉദയ് പാലസിൽ നടന്ന പ്രീ ലോഞ്ച് ചടങ്ങിനെത്തി .

ബാഹുബലിയിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ എസ് എസ് രാജമൗലിയെയും താരങ്ങളെയും വൻ ആവേശത്തോടെ ആണ് ആരാധകർ വരവേറ്റത് . മന്ത്രി ആന്റണി രാജു ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മിന്നൽ മുരളിയിലൂടെ മലയാള സിനിമയുടെ ആദ്യ സൂപ്പർ ഹീറോ ആയി അഭിനയിച്ച ടോവിനോ തോമസും അതിഥിയായി വേദിയിലെത്തി.

എല്ലാവർക്കും സുഖമാണോ ?? എന്ന് മലയാളത്തിൽ ചോദിച്ച രാജമൗലി കേരളവുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ചും തന്റെ കേരളത്തിലെ സിനിമാ ചിത്രീകരണത്തെക്കുറിച്ചും സംസാരിച്ചു

അന്യഭാഷാ ചിത്രങ്ങളെ ഇരു കൈയും ചേർത്ത് സ്വീകരിച്ച കേരളത്തിലെ സിനിമാ ആസ്വാദകരുടെ പിന്തുണ ആർ ആർ ആറിനും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ജൂനിയർ എൻ ടി ആറും റാം ചരണും സംസാരിച്ചപ്പോൾ അവരുടെ ആരാധകർ ആർപ്പുവിളികളോടെ ആവേശകരമായ സ്വീകാര്യത കാണിച്ചു. ചിത്രത്തിന് ആശംസ പറഞ്ഞ ടോവിനോ തോമസ് താൻ കടുത്ത രാജമൗലി ആരാധകൻ ആണെന്നും ആദ്യ ദിനം കാണുന്ന സിനിമകൾ എന്നും അദ്ദേഹത്തിന്റെ ആണെന്നും പറഞ്ഞു, കൂടാതെ തന്റെ എ ബി സി ഡി എന്ന ചിത്രത്തിന്റെ ഡിസ്‌ട്രിബൂട്ടർ ആയ ഷിബു തമീൻസിന്റെ വിതരണത്തിൽ ഈ ചിത്രം കേരളത്തിൽ എത്തുന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു . മിന്നൽ മുരളിയിലൂടെ മലയാളത്തിലെ സൂപ്പർ ഹീറോ ആയ ടോവിനോ തോമസിനെ രാജമൗലിയും അഭിനന്ദിച്ചു.

400 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രം ജനുവരി 7 നു ആണ് റിലീസിന് എത്തുന്നത്. തെലുങ്കു സിനിമയിലെ രണ്ടു സൂപ്പർ താരങ്ങളെ ഒന്നിച്ചു അണിനിരത്തിയ ചിത്രമാണ് ആർ ആർ ആർ . ചടങ്ങിൽ കേരളത്തിലെ വിതരണത്തിന് നേതൃത്വം നൽകുന്ന റിയ ഷിബു സ്വാഗതം പറഞ്ഞു . ചിത്രത്തിന്റെ പ്രൊഡ്യൂസർ ധനയ്യ, മന്ത്രി ആന്റണി രാജുവിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. കേരളത്തിലെ ആർ ആർ ആർ സിനിമയുടെ ഡിസ്ട്രിബൂട്ടർ ഷിബു തമീൻസ് ചിത്രം കേരളത്തിൽ എത്തിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നെന്നു അറിയിച്ചു.