കോവിഡിൻറെ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ സമീപനങ്ങൾ രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. രാത്രി കർഫ്യു എന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും അതിൻറെ ഫലപ്രാപ്തി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.
ജാഗ്രത പുലർത്തേണ്ട സമയമാണ്. ഒരിക്കലും പരിഭ്രാന്തരാകരുത്. ഇന്ത്യയിൽ ഒമിക്രോൺ കേസുകളുടെ വർധന പ്രതീക്ഷിക്കാം. ഇത് തുടക്കം മാത്രമാണ് പല നഗരങ്ങളിലും കോവിഡിൻറെ വ്യാപനം ഇനിയും ഉണ്ടായേക്കാം. ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ സാഹചര്യങ്ങൾ വിലയിരുത്തണം. കോവിഡ് ബാധിച്ച് മരിച്ചവർ ഏത് വാക്സിനാണ് സ്വീകരിച്ചതെന്ന് പരിശോധിക്കണം. എത്രകാലം മുമ്പാണ് വാക്സിൻ സ്വീകരിച്ചുവെന്നതും നോക്കണം. ബൂസ്റ്റർ ഡോസ് നൽകേണ്ടത് ഏത് വിഭാഗത്തിനാണെന്നും അതാത് രാജ്യങ്ങൾ തീരുമാനിക്കണം.
നിലവിൽ ജനങ്ങൾക്ക് നൽകിയിരിക്കുന്ന വാക്സിനുകളുടെ ആൻറിബോഡിയുടെ ശേഷി ആറ് മാസം കഴിയുമ്പോൾ കുറയുമെന്നാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തിന് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. എല്ലാ വിഭാഗം ജനങ്ങൾക്ക് വാക്സിൻ നൽകണമെന്നത് സംബന്ധിച്ച് പഠനഫലങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ബൂസ്റ്റർ ഡോസിന് വ്യത്യസ്ത വാക്സിൻ തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യുമെന്നും ഡോ.സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.