“സ്‌കൂളുകളിൽ മാംസം വിളമ്പുന്നത് നാണക്കേടുണ്ടാക്കുന്നു”- കർണാടകത്തിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്, വിവാദമായതോടെ നടപടി റദ്ദാക്കി അധികൃതർ

0
86

ക്രിസ്മസ് ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാംസം വിളമ്പിയതിന് കർണാടകത്തിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് സർക്കാർ. ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ടൗണിലെ സെന്റ് പോൾസ് സ്കൂൾ അടച്ചുപൂട്ടാനാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടത്. നടപടി വിവാദമായതോടെ തീരുമാനം ഉന്നത ഉദ്യോഗസ്ഥർ റദ്ദാക്കി.
ആഘോഷ വേളയിൽ നിങ്ങൾ മാംസം വിളമ്പിയത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഇത് വകുപ്പിനും പൊതുജനങ്ങൾക്കും നാണക്കേടുണ്ടാക്കി. അതിനാൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ തുറക്കാനാകില്ല എന്നായിരുന്നു ഉത്തരവ്. സ്‌കൂളിൽ ക്രിസ്മസ് ആഘോഷിക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാർ നിർദ്ദേശം ലംഘിക്കലുമാണ്. ഉത്തരവ് മറികടന്നു സ്‌കൂൾ തുറന്നാൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിലുണ്ടായിരുന്നു. സ്‌കൂൾ അധികാരികൾക്കാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് അയച്ചത്.
സംഭവം വിവാദമായതോടെ പൊതു വിദ്യാഭ്യാസവകുപ്പ് ഉത്തരവ് റദ്ദാക്കി. “സസ്യേതര ഭക്ഷണം വിളമ്പിയ കാരണത്താൽ ഒരു സ്കൂൾ അടച്ചുപൂട്ടാൻ കഴിയില്ല, ഉത്തരവ് റദ്ദാക്കുന്നു എന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചത്. ജില്ലാ കമ്മീഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ലോക്കൽ ഓഫീസർ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. പ്രാദേശിക ബിജെപി-സംഘപരിവാർ നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്നും പുറത്തുവന്നിട്ടുണ്ട്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഏതാനും ദിവസം മുമ്പ് തീവ്ര ഹിന്ദുത്വവാദികൾ സ്‌കൂൾ അധികൃതരെ ഭീഷണിപ്പെടുത്തിയിരുന്നു.