കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരൻ പണിയുന്നത് കോടികളുടെ മണിമാളിക

0
42

മകളുടെ പോസ്റ്റ്‌മെട്രിക്‌ സ്കോളർഷിപ്പ് തുക അനുവദിക്കാൻ 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക്‌ റഷീദ്‌ കെ പനയ്‌ക്കൽ പണിയുന്നത് കോടികളുടെ മണിമാളിക. മൂന്നാർ ടാറ്റാ ടീ കമ്പനിയിലെ തൊഴിലാളി മുരുകന്റെ മകൾക്ക്‌ സ്‌കോളർഷിപ്പ്‌ ലഭ്യമാക്കാനാണ്‌ റഷീദ്‌ കൈക്കൂലി ആവശ്യപ്പെട്ടത്‌. കമ്പനിവക ലയത്തിലാണ്‌ മുരുകനും ഭാര്യയും രണ്ടു പെൺമക്കളും കഴിയുന്നത്‌. ഫാഷൻ ഡിസൈനിങ്‌ കോഴ്‌സ്‌ പഠിക്കുന്ന മകളുടെ സ്‌കോളർഷിപ്പിന്റെ പേരിലായിരുന്നു കൈക്കൂലി വാങ്ങിയത്. പരിചയം സ്ഥാപിച്ച റഷീദ്‌ തുക ശരിയാക്കാമെന്ന്‌ പറഞ്ഞ്‌ ഫോൺനമ്പരും നൽകി. എട്ട്‌ സെമസ്റ്ററിനും സ്‌കോളർഷിപ്പിന്‌ അർഹതയുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവർഷവും രണ്ടരലക്ഷം രൂപവീതം സ്‌കോളർഷിപ്പ്‌ ലഭിച്ചു. പണം മകളുടെ അക്കൗണ്ടിലേക്ക്‌ എത്തുന്നതിന്‌ തലേദിവസം റഷീദ്‌ തുക വാങ്ങിയിരുന്നു.

ഓഫീസിലുള്ളവർക്കുകൂടി നൽകണമെന്നു പറഞ്ഞാണ്‌ പണം വാങ്ങിയിരുന്നത്‌. മുൻവർഷങ്ങളിൽ ഇതേ ആവശ്യത്തിന്‌ ഇയാൾ ലക്ഷം രൂപയിലേറെ വാങ്ങി. റഷീദിന്റെയടക്കം മൂന്ന്‌ എസ്‌ബിഐ അക്കൗണ്ടുകളിലേക്കാണ്‌ അന്ന്‌ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്‌. ഒരിക്കൽ ഗൂഗിൾപേ വഴിയും പണം വാങ്ങി. നൽകിയില്ലെങ്കിൽ സ്‌കോളർഷിപ്പ്‌ ലഭിക്കില്ലെന്നായിരുന്നു ഭീഷണി. ഇനിയുള്ള അഞ്ച്‌ സെമസ്റ്ററുകളിലും കൈക്കൂലി കൊടുക്കാതെ കാര്യം നടക്കില്ലെന്ന നിലവന്നപ്പോഴാണ്‌ മുരുകൻ വിജിലൻസിനെ സമീപിച്ചത്.

ആരോഗ്യവകുപ്പിൽ പ്യൂണായിരുന്ന റഷീദ്‌ തസ്തികമാറ്റത്തിലൂടെയാണ്‌ പട്ടികജാതി വികസനവകുപ്പിൽ എത്തിയത്‌. വിജിലൻസ്‌ പിടിയിലാവുമ്പോൾ ഇയാൾ തൊടുപുഴ ഇടവെട്ടിയിൽ മണിമാളിക നിർമിക്കുന്ന തിരക്കിലായിരുന്നു. കൈക്കൂലിയുടെ ആദ്യഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടയിലാണ്‌ റഷീദ്‌ കഴിഞ്ഞദിവസം പിടിയിലായത്‌. സമാനരീതിയിൽ പലരിൽനിന്ന്‌ കൈക്കൂലി വാങ്ങിയിരിക്കാമെന്ന സംശയത്തിലാണ്‌ വിജിലൻസ്‌. മൂന്നുവർഷത്തിനുള്ളിൽ ജില്ലയിൽ 66 ലക്ഷം രൂപയാണ്‌ സ്‌കോളർഷിപ്പായി വിതരണം ചെയ്‌തത്‌. തൃശൂർ വിജിലൻസ്‌ കോടതി റഷീദിനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.