കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

0
60

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച് സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതും ജീപ്പുകള്‍ നശിപ്പിച്ചതും.

അതേസമയം എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് കൂടുതല്‍ നടപടിക്ക് സാധ്യത. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്.

അതേസമയം പൊലീസിന് നേരയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണെന്ന് സംഘടന ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും തൊഴിലുടമയ്ക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.