ഈ ആഴ്ച റീലിസ് ആകുന്ന ചിത്രങ്ങൾ

0
73

ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശം പകർന്ന് ഒരുപിടി ചിത്രങ്ങളാണ് പോയവാരം തിയേറ്ററിലും ഓടിടിയിലും റിലീസിനെത്തിയത്. ന്യൂ ഇയറിനോട് അനുബന്ധിച്ച് നാലു ചിത്രങ്ങൾ കൂടി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ജിബൂട്ടി, ഒരു താത്വിക അവലോകനം എന്നീ മലയാള ചിത്രങ്ങളും ജേഴ്സി, 777 ചാർലി എന്നീ മൊഴിമാറ്റ ചിത്രങ്ങളുമാണ് ഡിസംബർ 31ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത്.

ജോജു നായകനായി എത്തുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. നവാഗതനായ അഖിൽ മാരാർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഡിസംബർ മുപ്പത്തിയൊന്നിന് തിയേറ്ററുകളിലെത്തും.

ജോജുവിനൊപ്പം അജു വർഗീസ്, മേജർ രവി, ഷമ്മി തിലകൻ, നിരഞ്ചൻ, പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, അസീസ് നെടുമങ്ങാട്, പ്രേം കുമാർ, മാമുക്കോയ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വിഷ്ണു നാരായണൻ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്. ഷാൻ റഹ്മാൻ പശ്ചാത്തല സംഗീതവും ഓ കെ രവിശങ്കർ ഇതിലെ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു.

യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചൈത്രം യോഹാൻ മൂവീസ് ആണ് വിതരണം ചെയ്യുന്നത്. കൈതപ്രം, മുരുകൻ കാട്ടാകട എന്നിവർ ചേർന്ന് വരികൾ രചിച്ച ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചത് ശ്യാം കാർത്തികേയൻ ആണ്. രാജേഷ് ചലച്ചിത്രം ആണ് സൗണ്ട് ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

അമിത് ചക്കാലയ്ക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജിബൂട്ടി’ ഡിസംബർ 31ന്‌ തിയേറ്ററുകളിലേക്ക്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയായിരുന്നു.

ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, അഞ്ജലി നായർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. സ്.ജെ സിനു എഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചരിക്കുന്നത് ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയാണ് ജോബി.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മതൂര്‍, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സാണ്‌ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

രക്ശിത് ഷെട്ടി, സംഗീത ശ്രിങ്കേരി, രാജദ് ബി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന കന്നഡ ചിത്രമാണ് 777 ചാർലി. മലയാളത്തിലും മൊഴിമാറ്റിയെത്തുന്ന ‘777 ചാർലി’ ഡിസംബർ 31 ന് തിയേറ്ററുകളിലെത്തും. കന്നഡ, മലയാളം ഭാഷകൾക്കു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്.

ചാർലി എന്നൊരു ലാബ്രഡോർ നായക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. കിരൺരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപ് ആണ്. എഡിറ്റിംഗ് പ്രതീക് ഷെട്ടിയും സംഗീതം നോബിൻ പോളും നിർവ്വഹിച്ചിരിക്കുന്നു.

ഷാഹിദ് കപൂർ നായകനാവുന്ന ഹിന്ദി സ്പോർട്സ് ഡ്രാമയാണ് ജേഴ്സി. 2019ൽ പുറത്തിറങ്ങിയ ജേഴ്സി എന്ന തെലുങ്ക് ചിത്രത്തിന്റെ റിമേക്ക് ആണിത്. ഒരു പഴയകാല ക്രിക്കറ്ററായാണ് ഷാഹിദ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ഗൗതം തിനാനുരി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അനിൽ മേത്തയാണ്. നവീൻ നൂലി എഡിറ്റിംഗും അനിരുദ്ധ് രവിചന്ദർ പശ്ചാത്തലസംഗീതവും സചെത് പരമ്പര സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. അല്ലു എന്റർടെയിൻമെന്റ്, ദിൽരാജു പ്രൊഡക്ഷൻ, സിതാര എന്റർടെയിൻമമെന്റ്, ബ്രാട്ട് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

2020 ഓഗസ്റ്റ 28ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോവുകയായിരുന്നു. മലയാളത്തിലും മൊഴിമാറ്റിയെത്തുന്ന ചിത്രം ഡിസംബർ 31 ന് തിയേറ്ററുകളിലെത്തും.