കിറ്റക്‌‌സ് ക്യാമ്പില്‍ സംഘര്‍ഷം; പൊലീസ് ജീപ്പുകള്‍ കത്തിച്ചു; 150 പേര്‍ കസ്റ്റഡിയില്‍

0
45

കൊച്ചി കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വന്‍ സംഘര്‍ഷം. ക്രിസ്മ‌സ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെയും അക്രമം വ്യാപിച്ചു. അക്രമികള്‍ രണ്ട് പൊലീസ് ജിപ്പ് കത്തിച്ചു. സിഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് 150 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് കിറ്റക്‌‌സില്‍ സംഘര്‍ഷമുണ്ടായത്. അക്രമം നടക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്‌ത നാട്ടുകാര്‍ക്കുകാരെയും കമ്പനി തൊഴിലാളികള്‍ ആക്രമിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറുണ്ടായി. കണ്‍ട്രോള്‍ റൂം ജീപ്പ് അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്‌തു. ജീപ്പിന്റെ ഡോര്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസുകാര്‍ രക്ഷപെട്ടത്. പിന്നീട് കൂടുതല്‍ പൊലീസെത്തി കിറ്റക്‌‌സ് ക്യാമ്പില്‍ കയറുകയും അക്രമികളെ പിടികൂടുകയുമായിരുന്നു.
മദ്യലഹരിയിലാണ് ആക്രമമുണ്ടായതെന്ന് റൂറല്‍ എസ്‌പി കെ കാര്‍ത്തിക് പറഞ്ഞു. കുത്തുനാട് സിഐ ഷാജന് തലയ്‌ക്കും കൈയ്‌ക്കുമാണ് പരിക്ക്. അക്രമിസംഘത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും റൂറല്‍ എസ്‌പി പറഞ്ഞു. കിറ്റക്‌‌സ് ക്യാമ്പില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്‌തുക്കളുടെ ഉപയോഗം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.