നീറ്റ്​ പരാജയം; തമിഴ്​നാട്ടില്‍ വീണ്ടും വിദ്യാർഥിനി ജീവനൊടുക്കി

0
43

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റില്‍ തോറ്റതിന്‍റെ മനോദുഃഖത്തില്‍ തമിഴ്​നാട്ടില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. നീലഗിരി ജില്ലയിലാണ്​ സംഭവം. 12ാം ക്ലാസ്​ പരീക്ഷക്ക്​ ശേഷം 17കാരി സെപ്​റ്റംബറില്‍ നീറ്റ്​ പരീക്ഷ എഴുതി. എന്നാല്‍ നീറ്റില്‍ വിജയിക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വിഷാദരോഗത്തിന്​ അടിമയായെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ വിഷമം മനസിലാക്കിയ മാതാപിതാക്കള്‍ തിരുപ്പൂര്‍ ജില്ലയിലെ ബന്ധുക്കളുടെ വീട്ടിലേക്ക്​ അയച്ചു. എന്നാല്‍ ദീപാവലിക്ക്​ കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഡിസംബര്‍ 18ന്​ പെണ്‍കുട്ടി കുറിപ്പ്​ എഴുതിവെച്ചശേഷം ജീവനൊടുക്കുകയായിരുന്നു. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി 23ന്​ മരിച്ചു. സന്തോഷവതിയാണെന്ന്​ അഭിനയിക്കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍​ ക്ഷമിക്കണമെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.