ഇടനിലക്കാര്‍ ഔട്ട്: വാഹന പെര്‍മിറ്റ് മുതല്‍ ലൈസന്‍സ് വരെ ഇനി ഓൺലൈനിൽ

0
70

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം. വാഹന ഉടമകള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് പെര്‍മിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോറിക്ഷ, ടാക്‌സി, കോണ്‍ട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങള്‍ തുടങ്ങിയ പെര്‍മിറ്റുകളെല്ലാം ഓണ്‍ലൈനില്‍ പുതുക്കാം. 24 മുതല്‍ പുതിയ സംവിധാനം നിലവില്‍വരും.

നിലവിലെ പെര്‍മിറ്റ് കാലാവധി തീരുംമുമ്പ് https://parivahan.gov.in-ല്‍ പ്രവേശിച്ച് ഫീസ് അടയ്ക്കണം. ഇതോടൊപ്പം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യണം. വായ്പയുള്ള വാഹനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള നിരാക്ഷേപപത്രവും ഇതോടൊപ്പം ഉള്‍ക്കൊള്ളിക്കണം. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. പോസ്റ്റല്‍ ചാര്‍ജ് ആവശ്യമില്ല.

രേഖകളില്‍ ക്രമക്കേടുണ്ടെങ്കില്‍ മാത്രമേ അപേക്ഷ നിരസിക്കാന്‍ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളും 24 മുതല്‍ നിലവില്‍വരും. വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ഉടമയുടെ വിലാസം മാറ്റല്‍, എന്‍ ഒ സി, ഡ്യൂപ്ലിക്കേറ്റ് ആര്‍ സി, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍-ഉള്‍ക്കൊള്ളിക്കല്‍ എന്നിവയെല്ലാം ഓണ്‍ലൈനിലാകും.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ ‘ആധാര്‍ ഓതന്റിക്കേഷന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. വാഹന്‍ വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതേ നമ്പര്‍ തന്നെയാണോ ആധാറിലുള്ളതെന്ന് ഉറപ്പുവരുത്തണം. നമ്പറുകള്‍ വ്യത്യസ്തമാണെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ആധാര്‍ അടിസ്ഥാനമാക്കി അപേക്ഷ നല്‍കുന്നവര്‍ പഴയ ആര്‍ സി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതില്ല. വാഹനം വാങ്ങുന്നയാള്‍ക്ക് കൈമാറാം.