ഐശ്വര്യ റായിക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ്; അമിതാഭ് ബച്ചനേയും വിളിപ്പിച്ചേക്കും

0
57

പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഐശ്വര്യ റായ് ഇന്ന് ഡൽഹിയിലെ ഇ ഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പനാമ പേപ്പര്‍ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവര്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇ ഡി വിളിപ്പിക്കുമെന്നാണ് സൂചന.