കേരളത്തില്‍ ഫുഡ് പാര്‍ക്ക്’; മുഖ്യമന്ത്രിക്ക് യുഎഇ മന്ത്രിയുടെ ഉറപ്പ്

0
90

സംസ്ഥാനത്ത് ബൃഹത്തായ ഫുഡ് പാര്‍ക്ക് തുടങ്ങാമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ മൂന്ന് ഫുഡ് പാര്‍ക്കുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിലൊന്ന് കേരളത്തില്‍ വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഡോ. താനി അഹമ്മദ് അക്കാര്യം സമ്മതിക്കുകയും വിശാദാംശങ്ങള്‍ ടെക്‌നിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. ലൈഫ് പദ്ധതിയില്‍ ദുബായ് റെഡ് ക്രസന്റുമായി ചേര്‍ന്നുള്ള ഭവന സമുച്ചയ നിര്‍മ്മാണത്തിന്റെ കാര്യവും ചര്‍ച്ച ചെയ്തു. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കി.

ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ യുഎഇ ഗവണ്‍മെന്റിനു വേണ്ടി ഡോ. താനി അഹമ്മദ് ക്ഷണിച്ചു. 2022 ഫെബ്രുവരിയില്‍ എക്‌സ്‌പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബന്നയും ലുലുഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലിയും കൂടിക്കാഴ്ചയില്‍ സന്നിഹിതരായി.