ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു : പക്ഷിപ്പനിയെന്ന് സ്ഥിരീകരണം

0
66
ആലപ്പുഴ : പക്ഷിപ്പനി ബാധിച്ച് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനിയല്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്‌. ഇന്നലെ രാത്രിയാണ് സ്ഥിരീകരണം ലഭിച്ചത്.എച്ച് 5 എൻ 1 ഇൻഫ്ലുവൻസ ഇനത്തിൽപെട്ട വൈറസുകൾ ബാധിച്ചതാണ് കാരണമെന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു.
പക്ഷിപ്പനിയല്ലെന്ന് ഭോപ്പാലിൽ നിന്ന് നേരത്തെ പ്രാഥമിക ഫലം ലഭിച്ചിരുന്നതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു. വായുവിലൂടെ പകരുന്ന ഹൈലി പത്തൊജനിക് ഏഷ്യൻ ഏവിയൻ ഇൻഫ്ലുവൻസ എ (എച്ച് 5 എൻ 1) പ്രധാനമായും പക്ഷികളെ ബാധിക്കുന്നതാണ്. പുറക്കാട് ഇന്നലെ 100 താറാവുകൾ കൂടി ചത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നെടുമുടിയിൽ 8000ത്തിലേറെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
വായുവിലൂടെ പകരുന്ന ഈ രോഗം ചില രാജ്യങ്ങളിൽ അപൂർവമായി മനുഷ്യരെയും ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധിച്ച പക്ഷികളുമായി നേരിട്ട് ഇടപഴകുന്നതിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി.